യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി തുടരെ മരണവാര്‍ത്തകള്‍. രണ്ടു ദിവസങ്ങളിലായി രണ്ടു ചെറുപ്പക്കാരാണ് വിടപറഞ്ഞത്. ഇപ്പോഴിതാ ലെസ്റ്ററില്‍ മറ്റൊരു മലയാളി കൂടി വിടപറഞ്ഞിരിക്കുന്നു.
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ അംഗമായിരുന്ന രമേശന്‍ രവീന്ദ്രന്‍ പിള്ള(44) യാണ് അന്തരിച്ചത് . ഇദ്ദേഹം ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
ലെസ്റ്ററിലെ ഇവിങ്ടണില്‍ കുടുംബസമ്മേതം താമസിച്ചു വരികയായിരുന്നു രമേശന്‍. ഭാര്യ ശ്രീലക്ഷ്മി 2021 ജൂലൈയില്‍ കെയറര്‍ വീസയിലാണ് യുകെയിലെത്തുന്നത്. ഇതേ തുടര്‍ന്നാണ് രമേശനും ഏക മകന്‍ ആറു വയസുകാരനായ ദേവ തീര്‍ഥനും യുകെയില്‍ എത്തിയത്.
നേരത്തെ രോഗം കണ്ടെത്തിയിതിനെ തുടര്‍ന്ന് രമേശന്‍ ഏതാനും മാസങ്ങളായി കാന്‍സര്‍ ചികിത്സയില്‍ തുടരുകയായിയുന്നു. ചികിത്സയെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലം അഞ്ചലിന് സമീപം ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ എഴിയം റെജി ഭവനില്‍ കെ. രവീന്ദ്രന്‍ പിള്ള, ബി. സരോനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ആര്‍. റെജി, ആര്‍. രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാരം പിന്നീട് നാട്ടില്‍ വെച്ച് നടത്തുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി അജീഷ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കുടുംബാംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ കോട്ടയം സ്വദേശിയായ കെവില്‍ ജേക്കബ് (32) മരണമടഞ്ഞിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്. കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.
അതിനു മുമ്പ് ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്‌സ് മരണമടഞ്ഞിരുന്നു. വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് വിടപറഞ്ഞത്. എറണാകുളം നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയെടുത്തു എത്തിയതായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ ശനിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സ്ട്രോക്കും തുടര്‍ന്ന് ഹൃദയാഘാതവും സംഭവിച്ചു.