പണപ്പെരുപ്പം പകുതിയായി കുറയ്ക്കാനുള്ള പ്രധാനമന്ത്രി റിഷി സുനാകിന്റെ ലക്ഷ്യം യാഥാര്‍ഥ്യമായി. പത്തിന് മുകളിലായിരുന്ന പണപ്പെരുപ്പം 4.8 ശതമാനമായി ഇടിഞ്ഞതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് പണപ്പെരുപ്പം 4.8 ശതമാനത്തിലേക്ക് താഴ്ന്നതായി ബാങ്ക് സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ബാക്കിനില്‍ക്കവെയാണ് സുനാകിന്റെ ലക്ഷ്യം നടപ്പിലായതെന്ന് ബാങ്ക് പറയുന്നു.
പണപ്പെരുപ്പം പകുതിയായി താഴ്ന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ നിലവിലെ 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 തവണ ഉയര്‍ത്തിയ പലിശ നിരക്കുകള്‍ ഇത് രണ്ടാം മാസമാണ് സമാനമായ നിലയില്‍ നിലനിര്‍ത്തുന്നത്. ഈ ഘട്ടത്തിലും 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളാണ് യുകെ നേരിടുന്നത്. ജി7 ധനിക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലാണ്.
പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമായതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനും, നികുതി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനുമുള്ള മുറവിളി തുടങ്ങി. പ്രത്യേകിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇത് ടോറികളെ സംബന്ധിച്ച് സുപ്രധാനമാണ്. ഇതിനിടയില്‍ വളര്‍ച്ച സ്തംഭിച്ചതായി ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ സാമ്പത്തിക സ്തംഭനാവസ്ഥ 2024 മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് ആശങ്ക.
പണപ്പെരുപ്പം കുറയുന്ന ശുഭവാര്‍ത്തയ്ക്കിടയില്‍ വളര്‍ച്ചയും കുറയുന്നത് തിരിച്ചടിയാണ്. പണപ്പെരുപ്പത്തില്‍ ഇടിവ് വരുന്നത് പലിശകള്‍ കുറയ്ക്കാന്‍ ബാങ്കിന് മേല്‍ സമ്മര്‍ദം ഉയര്‍ത്തും. അടുത്ത മാസത്തെ ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നികുതി കുറയ്ക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ടിന് മേലും സമ്മര്‍ദം വരും. പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സമയമായില്ലെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയുടെ നിലപാട്.
ജൂലൈ മാസത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടായ ഇടിവിനു ശേഷം, ഓഗസ്റ്റില്‍ സമ്പദ് വ്യവസ്ഥ 0.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിരിക്കുകയാണ്. പണപ്പെരുപ്പം ചെറുതായി കുറഞ്ഞ സാഹചര്യത്തില്‍, സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 5.25 ശതമാനം എന്ന നിലയില്‍ തന്നെ തുടരുകയായിരുന്നു.
യുകെ നിലവില്‍ സാമ്പത്തിക മാന്ദ്യത്തില്‍ അല്ലെങ്കിലും, ചെറിയതോതില്‍ മാത്രമുള്ള വളര്‍ച്ച നിരക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അടുത്തവര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ സാമ്പത്തിക രംഗം ഒരു പ്രധാന ചര്‍ച്ച വിഷയമായി മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.