പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് ഗ്ലോസ്റ്ററിലെ ക്ലീവ് സ്‌കൂളിലെ ഇന്നസെന്റ് നഗറില്‍ അരങ്ങുണരുന്നു. എല്ലാ വഴികളും ഗ്ലോസ്റ്ററിലേക്ക്.... കലാമേളയ്ക്ക് തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റേയും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍, ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി യുക്മ ദേശീയ സമിതി.
യുക്മ ദേശീയ കലാമേളയില്‍ ഇതാദ്യമായിട്ടാണ് യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഒരു വ്യക്തിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ആദരിക്കുന്നത്. ആദരം ഏറ്റുവാങ്ങുന്നത് ഡോ.ജൂണ സത്യനാണ്. നോര്‍ത്ത് അംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ അസ്സോസ്സിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ.ജൂണ സത്യന്‍ കരസ്ഥമാക്കിയത്, മികച്ച ശാസ്ത്ര ഗവേഷകര്‍ക്കുള്ള യു കെ ഗവണ്‍മെന്റിന്റെ അര മില്ല്യന്‍ പൌണ്ട് സ്‌കോളര്‍ഷിപ്പാണ്. മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായാണ് ഏകദേശം അഞ്ച് കോടി രൂപ മൂല്യം വരുന്ന സ്‌കോളര്‍ഷിപ്പാണ് ഈ പാലാ സ്വദേശിനിയെ തേടിയെത്തിയത്. സ്വപ്നതുല്യമായ അംഗീകാരം നേടി വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഡോ.ജൂണയേയും സഹപ്രവര്‍ത്തകരെയും തേടിയെത്തിയത് ലോക പ്രശസ്തമായ മൈക്കിള്‍ ഫാരഡെ അവാര്‍ഡാണ്. ഫിസിക്‌സിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്ന മൈക്കിള്‍ ഫാരഡെ അവാര്‍ഡ് നേടിയ ആറംഗ സംഘത്തിലെ ഏക വനിതയാണ് ജൂണ സത്യന്‍.
തിരക്കേറിയ അദ്ധ്യാപന ജോലി, ലോകമറിയുന്ന ഗവേഷക എന്നീ നിലകളില്‍ തിളങ്ങുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതു പ്രവര്‍ത്തക എന്ന നിലയിലും ഡോ.ജൂണ ഏറെ പ്രശസ്തയാണ്. ന്യൂകാസില്‍ ബ്‌ളേക്ക്‌ലോ വാര്‍ഡിലെ കൗണ്‍സിലറായി 2022 ല്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ജൂണ മുഴുവന്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഒരു മാതൃകയാണ്.
യു കെ എഞ്ചിനീയറിംഗ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൌണ്‍സിലാണ് മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായി ഇത്രയും വലിയ തുക ജൂണക്ക് നല്‍കിയത്. പാലാ ശ്രാമ്പിക്കല്‍ തോമസിന്റെയും ഡെയ്‌സിയുടെയും മകളായ ജൂണ വിവാഹം കഴിച്ചിരിക്കുന്നത് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണിയെയാണ്. 7 വയസ്സ്‌കാരായ മിലന്‍ സത്യയും മിലിന്‍ഡ് സത്യയുമാണ് മക്കള്‍.
അഞ്ച് സ്റ്റേജുകളിലായിട്ടാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ സമയക്രമം യുക്മ ദേശീയ സമിതി പുറത്ത് വിട്ടിട്ടുണ്ട്. എല്ലാവരും സമയക്രമം പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
പതിനാലാമത് യുക്മ ദേശീയകലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, കലാമേള ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ നായര്‍, കലാമേള ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.