വിദേശം

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സിഖ് ഭീകര സംഘടനാ നേതാവിന്റെ ഭീഷണി; പ്രവാസികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വാദികള്‍ക്ക് പ്രോത്സാഹനമായി കാനഡ ആസ്ഥാനമായ ഭീകരസംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂണ്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കു നേരെയുയര്‍ത്തിയ ഭീഷണി ഗൗരവമുള്ളത് തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 19നോ അതിനു ശേഷമോ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നായിരുന്നു ഗുര്‍പത്‌വന്ത് സിംഗ് പന്നുവിന്റെ ഭീഷണി. ഇന്ത്യയ്‌ക്കെതിരെ യുവാക്കളെ പ്രകോപിപ്പിച്ചുവിടുകയാണ് പന്നുണ്‍ ചെയ്യുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ മാതൃകയില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു പന്നുവിന്റെ ഭീഷണി.


എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന എല്ലാ രാജ്യങ്ങളിലെയും പ്രമുഖ നഗരങ്ങളിലും അധിക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. പന്നൂണ്‍ സ്വതന്ത്ര്യനായി ലോകം മുഴുവന്‍ ചുറ്റുകയാണ്. ഒരു രാജ്യവും അയാള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്ന വിഷയമാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.


പന്നുവിന് ഒറ്റയ്ക്ക് എന്തെങ്കിലും ഗൗരവമായി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇന്ത്യയ്‌ക്കെതിരെ ഒരു കാരണവുമില്ലാതെ യുവാക്കളെ ഇളക്കിവിടുകയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പന്നുവിനെതിരെ മാത്രമല്ല, ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ആഗോള ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും തെളിവുകളുണ്ട്. പന്നുവിന്റെ പാകിസ്താനിലെ ഇമിഗ്രേഷന്‍ റാക്കറ്റുമായുള്ള ബന്ധം ലോകത്തിന് അറിയാം. ജസ്റ്റിന്‍ ട്രൂഡോ ഇത് ശ്രവിക്കുമെന്നും ഈ ഭീകരനെതിരെ നടപടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂട്ടിച്ചേര്‍ത്തു.


1985ജൂണ്‍ 23ന് ടൊറോന്റോയില്‍ നിന്ന് ലണ്ടനിലെ ഹീത്രു വഴി ഡല്‍ഹി- മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്‌ക 747 വിമാനമാണ് യാത്രയ്ക്കിടെ സ്‌ഫോടനത്തില്‍ തകര്‍ന്നത്. 22 ജീവനക്കാരടക്കം 329 പേരാണ് അന്ന് കൊല്ലപ്പെട്ടത്.


നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സഞ്ചരിക്കരുതെന്നും വാന്‍കൂവറില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനം ബഹിഷ്‌കരിക്കണമെന്നും അല്ലാത്ത പക്ഷം ജീവന് ഭീഷണിയുണ്ടാകുമെന്നും പന്നുണ്‍ സിഖ് ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 19ന് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചിടണമെന്നും ഭീഷണി മുഴക്കി. ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നടക്കുന്ന ദിവസം കൂടിയാണ് അന്ന്.


ഇന്ദിരാ ഗാന്ധി വധത്തെ പ്രകീര്‍ത്തിച്ച പന്നുണ്‍, ഡല്‍ഹി വിമാനത്താവളത്തിന് ഇന്ദിരാ ഗാന്ധിയെ വധിച്ച സുരക്ഷാ ജീവനക്കാരായ ബീയാന്ത് സിംഗ്, സ്വാവന്ത് സിംഗ് എന്നിവരുടെ പേര് നല്‍കുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. നടന്‍ അമിതാഭ് ബച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥ്, ജഗ്ദീഷ് ടൈറ്റലര്‍ എന്നിവര്‍ക്കെതിരെയും പന്നുണ്‍ ഭീഷണി മുഴക്കിയിരുന്നു.


ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതല ബന്ധം വഷളായിരുന്നു. ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേര്‍ ആണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.

 • 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും; ഗാസയില്‍ 4 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് ഇസ്രയേല്‍
 • യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി പലസ്തീന്‍ അധികൃതര്‍
 • ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ തീരുമാനവുമായി മാര്‍പാപ്പ
 • സിഖ് ഭീകര സംഘടനാ നേതാവിന്റെ ഭീഷണി: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു കാനഡ
 • അമേരിക്കയില്‍ 18 പേരെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ മൃതദേഹം കണ്ടെത്തി
 • കാനഡ പൗരന്മാര്‍ക്ക് വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
 • അമേരിക്കയില്‍ മൂന്നിടങ്ങളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു
 • സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്; പ്രസംഗം പാതി നിര്‍ത്തി ബൈഡന്‍
 • ഗാസയില്‍ പ്രവേശിച്ച് ഇസ്രയേല്‍ സേന, കരയുദ്ധം ആരംഭിച്ചു
 • ഹമാസ് തടവിലായിരുന്ന 2 അമേരിക്കന്‍ ബന്ദികളെ വിട്ടയച്ചു; നടപടി ഖത്തറിന്റെ മധ്യസ്ഥതയില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions