സ്പിരിച്വല്‍

മാഞ്ചസ്റ്ററില്‍ നിന്നും ഫാ.ജോസ് അഞ്ചാനിക്കലിന് ആഷ്‌ഫോര്‍ഡിലേക്ക് സ്ഥലം മാറ്റം; ഫാ.ജോസ് കുന്നുംപുറം 24ന് മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടറായി ചുമതലയേല്‍ക്കും

മാഞ്ചസ്റ്റര്‍: നീണ്ട അഞ്ചുവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ പടിയിറങ്ങുന്നു. ആഷ്ഫോര്‍ഡിലെ മാര്‍ സ്ലീവാ മിഷന്‍ ഡയറക്ടറായും സെന്റ് സൈമണ്‍ സ്റ്റോക്ക് ഇടവക വികാരിയായിട്ടുമാണ് ഫാ. ജോസ് അഞ്ചാനിക്കല്‍ സ്ഥലം മാറിപ്പോകുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നടക്കുന്ന നടക്കുന്ന വൈദീകരുടെ സ്ഥലം മാറ്റത്തില്‍ സുപ്രധാനമാണ് മാഞ്ചസ്റ്ററിലേത്.

450 ഓളം കുടുംബങ്ങളുമായി രൂപതയിലെ പ്രധാന മിഷനുകളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന്‍. ഫാ.ജോസ് കുന്നുംപുറം ആണ് പുതിയ മിഷന്‍ ഡയറക്റ്ററായി എത്തുന്നത്. ഇടുക്കി രൂപതാ അംഗമായ ഫാ. ജോസ് കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സൗത്താംപ്ടണ്‍ റീജിയണല്‍ കോര്‍ഡിനേറ്ററും വോക്കിങ് മിഷന്‍ ഡയറക്ടറുമായി സേവനം ചെയ്തുവരികയായിരുന്നു.

2018 ജൂണ്‍ മാസത്തിലാണ് ഫാ.ജോസ് അഞ്ചാനിക്കല്‍ മാഞ്ചസ്റ്ററില്‍ ചുമതലയേറ്റത്. ഫാ.ലോനപ്പന്‍ അരങ്ങാശേരി മാതൃ സഭയിലെ ശുശ്രൂഷകള്‍ക്കായി നാട്ടിലേക്ക് മടങ്ങിയതിന് പകരമായിട്ടായിരുന്നു പാലാ രൂപതാ അംഗമായ ഫാ. ജോസ് അഞ്ചാനിക്കല്‍ മാഞ്ചസ്റ്ററില്‍ എത്തിയത്. മികച്ച ഗായകനും വാഗ്മിയും ധ്യാന ഗുരുവും ആയ ഫാ.ജോസ് അഞ്ചാനിക്കല്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റ്, കൊയര്‍ കമീഷന്‍ എന്നിവയുടെ ചെയര്‍മാനായും സേവനം ചെയ്തുവരുന്നു.

മിഷനിലെ കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചക്കും, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനെ ശക്തിപ്പെടുത്തുന്നതിനും ഫാ.ജോസ് അഞ്ചാനിക്കല്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ ആക്കി മാറ്റുന്നതിനും മെന്‍സ് ഫോറം, വിമന്‍സ് ഫോറം, മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്സ് തുടങ്ങിയ സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും അച്ചന്‍ വഹിച്ചുവരുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. കുടുംബ കൂട്ടായ്മകളാണ് മിഷന്റെ ശക്തിയെന്ന് കണ്ടെത്തി കുടുംബ കൂട്ടായ്മകളില്‍ മികച്ച പങ്കാളിത്തം അച്ചന്‍ ഉറപ്പാക്കിയിരുന്നു.

പാലാ രൂപതയിലെ അറക്കുളം സെന്റ് മേരീസ് പുതിയപള്ളി ഇടവകാംഗമായ ജോസ് അഞ്ചാനിക്കല്‍ 1982 ഡിസംബര്‍ 30 ന് പട്ടം സ്വീകരിച്ചു. തുടര്‍ന്ന് കടപ്ലാമറ്റം ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരി ആയിട്ടായിരുന്നു ആദ്യ നിയമനം. 1991 മുതല്‍ 2000 വരെയുള്ള കാലയളവില്‍ സാന്‍ജോസ് പബ്ലിക് സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്നു. കെ.സി. വൈ.എം മേഖലാ കണ്‍വീനറും തുടര്‍ന്ന് കുറുമണ്ണ്, പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നിവിടങ്ങളില്‍ അധ്യാപകനായും, മ്യൂസിക് മിനിസ്ട്രി കണ്‍വീനറായും സേവനം ചെയ്തിട്ടുണ്ട്. ജീസസ് യൂത്ത് അനിമേറ്റര്‍, കരിസ്മാറ്റിക് കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളും വഹിച്ച അച്ചന്‍, 2013 മുതല്‍ നീലൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രധാന അധ്യാപകനായും സേവനം ചെയ്തിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്ററില്‍ എത്തിയത്.

നീണ്ട 27 വര്‍ഷക്കാലം ഇടുക്കി രൂപതയിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്ത ശേഷമാണ് ഫാജോസ് കുന്നിന്‍പുറം യുകെയില്‍ എത്തിയത്. സൗത്താംപ്ടണ്‍ റീജിയണല്‍ കോര്‍ഡിനേറ്ററും വോക്കിങ് മിഷന്‍ ഡയറക്റ്ററുമായി സേവനം ചെയ്തുവരവേയാണ് പുതിയ നിയമനവുമായി മാഞ്ചസ്റ്ററില്‍ എത്തുന്നത്. ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഇടവകാംഗമാണ്. കരിസ്മാറ്റിക് മേഖലയിലും,രൂപതയിലെ ഒട്ടേറെ പള്ളികളിലും വികാരി ആയും ഫാ.ജോസ് കുന്നിന്‍പുറം സേവനം ചെയ്തിട്ടുണ്ട്.

ഈമാസം 23ന് ഫാ. ജോസ് അഞ്ചാനിക്കല്‍ പടിയിറങ്ങുമ്പോള്‍, അന്നേദിവസം ഫാ. ജോസ് കുന്നുംപുറം മാഞ്ചസ്റ്ററില്‍ ചുമതലയേല്‍ക്കും.

  • മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഇന്ന് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
  • മരിയന്‍ ദിനാചരണം ഇന്ന്
  • ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന
  • ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്
  • യുകെ ക്നാനായ മിഷനുകളുടെ ആറാമത് എസ്ര ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം
  • തുമ്പമണ്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണം
  • രണ്ടാം ശനിയാഴ്ച മെഗാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കാന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തും
  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ നൈറ്റ് വിജില്‍
  • അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാമില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions