യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ക്നാനായ ഫയര്‍ ഏറ്റെടുത്തു നടത്തപ്പെടുന്ന ആറാമത് എസ്ര ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം. മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ മൂന്ന് ദിവസങ്ങള്‍ ആയിട്ടായിരുന്നു എസ്ര മീറ്റ് സംഘടിപ്പിച്ചത്. ഇതോടൊപ്പം തന്നെ മൂന്ന് ദിവസം താമസിച്ചുള്ള പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു.
സുറിയാനി പാരമ്പര്യത്തില്‍ അധിഷ്ഠിതമായി വിശ്വാസത്തിലും സഭാ സ്നേഹത്തിലും സമുദായ തനിമയിലും തീഷ്ണമതികളായ കുടുംബങ്ങളെ വാര്‍ത്തെടുക്കുക എന്ന് ലക്ഷ്യത്തോടെ നടത്തപ്പെടുന്ന എസ്രാ മീറ്റിന് ഇത്തവണ അമേരിക്കയില്‍ നിന്നും ടീം അംഗങ്ങള്‍ വന്നത് ശ്രദ്ധേയമായി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രിസ്തു സ്നേഹത്തിന്റെ മാധുര്യം നുകരുന്നതിനും സഭാ സമുദായിക സ്നേഹത്തില്‍ വളര്‍ന്നു വരുന്നതിനുള്ള മനോഹരമായ ക്ലാസ്സുകളാലും സമ്പന്നമായിരുന്നു ആറാമത് എസ്ര മീറ്റ്.
അമേരിക്കന്‍ ക്നാനായ റീജിയന്‍ ഡയറക്ടറും ചിക്കാഗോ സീറോ മലബാര്‍ രൂപത മുഖ്യ വികാരി ജനറാളുമായ ഫാ തോമസ് മുളവനല്‍ എസ്രാ മീറ്റും താമസിച്ചുള്ള മൂന്ന് ദിവസത്തെ പ്രീ മാര്യേജ് കോഴ്സ് ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്നാനായ മിഷന്‍സ് ഇവാഞ്ചലൈസേഷന്‍ കോഡിനേറ്റര്‍ ഫാ ജോസ് തേക്ക് നില്‍ക്കുന്നതില്‍ ഫാമിലി അപ്പസ്തോലിക് ഓര്‍ഡിനേറ്റര്‍ ഫാ ജിന്‍സ് കണ്ടക്കാട് എന്നിവര്‍ ആശംസ അറിയിച്ചു. അമേരിക്കന്‍ ക്നാനായ റീജിയന്‍ ഫാമിലി അപ്പസ്തോലിക് അംഗങ്ങളായ ടോണി പുല്ലാപ്പള്ളി, ആന്‍സി സക്കറിയ ചേലക്കല്‍, ജയ പോള്‍സണ്‍ കുളങ്ങര എന്നിവര്‍ പ്രീ മാര്യേജ് കോഴ്സിന് നേതൃത്വം നല്‍കി.
കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് ടി ക്നാനായ കുടുംബങ്ങള്‍ സാക്ഷികള്‍ ആകേണ്ടതിനെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു.
വിശുദ്ധ കുര്‍ബാനയെ കുറിച്ചും ക്നാനായ മിഷന്‍സ് പ്രാധാന്യത്തെ പറ്റിയും ഫാ തോമസ് മുളവനാല്‍ ക്ലാസുകള്‍ നയിക്കുകയും സംശയ നി വാകരണം നടത്തുകയും ചെയ്തു.
എസ്ര മീറ്റിന്റെ രണ്ടാം ദിനത്തില്‍ വിശുദ്ധ സക്കറിയയുടെയും വിശുദ്ധ എലിസബത്തിന്റെയും തിരുനാള്‍ ഭക്തി ആദരപൂര്‍വ്വം ആചരിച്ചു ക്രിസ്തുവിന് വഴി ഒരുക്കിയ വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കള്‍ ദൈവത്തില്‍ ആശ്രയിച്ച് പ്രത്യാശയോടെ ദൈവത്തെ കുറ്റപ്പെടുത്താതെ ജീവിച്ചതിന്റെ സാക്ഷികള്‍ ആണെന്നും ക്ഷമാപൂര്‍വ്വം കാത്തിരുന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായതെല്ലാം ദൈവം നല്‍കുമെന്ന് നല്‍കുമെന്നും ഉദാഹരണമാണ് വിശുദ്ധ സക്കറിയയും എലിസബത്തും. അന്നേദിവസം സക്കറിയ എലിസബത്ത് നാമധാരികളെ ആദരിക്കുകയും ചെയ്തു. പ്രീ മാരേജ് കോഴ്സില്‍ പങ്ക് എടുത്തവര്‍ക്ക് ഫോട്ടോ പതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ആറാമത് എസ്രാ മീറ്റില്‍ വിവിധ ക്നാനായ മിഷനുകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു. കുട്ടികള്‍ക്കായി മിലി രഞ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേകമായ ക്ലാസുകള്‍ നടത്തപ്പെട്ടു. സഭാ സമുദായ സ്നേഹത്തില്‍ മൂന്ന് ദിവസം നടത്തപ്പെട്ട ക്ലാസുകളും ചര്‍ച്ചകളും പങ്കെടുത്ത ഏവര്‍ക്കും നവ്യാനുഭവമായി.