വാങ്കഡെ: ഒരിക്കല്‍ അസാധ്യം എന്ന് തോന്നിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ 49 ഏക ദിന സെഞ്ചുറികള്‍ പഴങ്കഥയാക്കി വിരാട് കോലി. ന്യൂസിലാന്‍ഡിനെതിരെ ലോകകപ്പ് സെമിഫൈനലില്‍ അമ്പതാം സെഞ്ചുറി നേടി വിരാട് കോലി ചരിത്രമെഴുതി. 106 പന്തുകളിലാണ് താരം അമ്പതാം സെഞ്ചുറി നേടിയത്. കോലി 117 റണ്‍സ് നേടി പുറത്തായി.കോലി അമ്പതാം സെഞ്ചുറി നേടുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
കൂടാതെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി 711 റണ്‍സ് നേടി പഴങ്കഥയാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോലിയുടെ പേരിലായി. എട്ടാം തവണയാണ് കോലി 50ല്‍ അധികം റണ്‍സ് നേടുന്നത്.
ഏഴു തവണ 50 കടന്ന സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, ബംഗ്ളാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ റെക്കോഡാണ് കോലി തകര്‍ത്തത്. ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വിരാട് കോലി കയറുകയും ചെയ്തു എത്തി. പോണ്ടിംഗ് 13,704 റണ്‍സാണ് നേടിയിട്ടുളളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.