ലണ്ടന്‍: ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 10 മാസം കൊണ്ട് യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍! പ്രതിമാസം 10,000 യുകെ വീസകള്‍ എന്ന കണക്കില്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളം, കര്‍ണാടക എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ വെളിപ്പെടുത്തി. സ്റ്റുഡന്റ്, ടൂറിസ്റ്റ്, ബിസിനസ് വീസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ കേരളത്തില്‍ നിന്ന് ഒരു ലക്ഷത്തോളം പേര്‍ യുകെയിലേക്ക് കണക്കുകള്‍ പ്രകാരം എത്തിയിട്ടുണ്ട്. 'യുകെ ഇന്‍ കേരള' വാരാചരണ ചടങ്ങുകളോട് അനുബന്ധിച്ചാണ് ചന്ദ്രു അയ്യര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഏകദേശം 1.6 ലക്ഷം സ്റ്റുഡന്റ് വീസകള്‍ അനുവദിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം വരെ ഇവിടെ തുടരാമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായി മാറി. യുകെയില്‍ അടുത്തവര്‍ഷം നിലവില്‍ വരുന്ന വിദേശവിദ്യാര്‍ഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്റ്റുഡന്റ്‌സ് വീസകള്‍ അനുവദിക്കും. ഗവേഷണ,പിജി കോഴ്സുകള്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് മാത്രമാകും ജനുവരി ഒന്നുമുതല്‍ ആശ്രിതരെ കൂടെക്കൊണ്ടു വരാന്‍ കഴിയുകയുള്ളു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകളും ഒരു ലക്ഷം ബിസിനസ് വീസകളും നല്‍കിയിരുന്നു. മൂന്ന് വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ വീസകള്‍ ഇന്ത്യയ്ക്ക് നല്‍കി. യുകെ നല്‍കിയ 30% വീസകള്‍ ഇന്ത്യാക്കാര്‍ക്കാണ് അനുവദിക്കപ്പെട്ടത് എന്ന് ചന്ദ്രു അയ്യര്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് യുകെയിലെ എന്‍എച്ച്എസ് അവസരങ്ങളെ കുറിച്ച് അറിയുവാന്‍ നോര്‍ക്ക റൂട്ട്സ്, ഒഡിഇപിസി (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ്) തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടാവുന്നതാണ്. ഏജന്‍സികള്‍ അടുത്തിടെ കേരളത്തില്‍ സംഘടിപ്പിച്ച രണ്ട് കരിയര്‍ ഫെസ്റ്റുകള്‍ക്ക് ശേഷം 200 നഴ്സിങ് പ്രൊഫഷണലുകള്‍ എന്‍എച്ച്എസില്‍ നിന്നും ഓഫറുകള്‍ സ്വീകരിച്ചതായും ചന്ദ്രു അയ്യര്‍ അറിയിച്ചു.