കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്.
പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. സാലിയും മക്കളായ ലിബ്ന, പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ഒന്നിച്ചാണ് കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്.
സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നത്. സ്വകാര്യ കപ്പലില്‍ ജീവനക്കാരനായിരുന്നു പ്രവീണ്‍.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരുക്കേറ്റ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ അന്വേഷണ സംഘം നിര്‍ണായകമായ കണ്ടെലത്തലുകളിലാണ് എത്തി നില്‍ക്കുന്നത്. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.