നികുതികള്‍ വെട്ടിക്കുറച്ച് വിമത എംപിമാരെ തൃപ്തിപ്പെടുത്താന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് ലക്ഷ്യമിടുന്നെന്നു റിപ്പോര്‍ട്ട്. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നിരക്കുകള്‍ നേര്‍പകുതിയാക്കി ചുരുക്കിയാണ് ഹണ്ട് ഇതിനുള്ള ഉപായം കണ്ടെത്തുക. നിരക്കുകള്‍ കുറയ്ക്കാന്‍ മുന്‍പ് പ്രതീക്ഷിച്ചതിലും ഇടം ലഭിച്ചതായുള്ള ചാന്‍സലറുടെ വാക്കുകളാണ് പ്രതീക്ഷയായി മാറുന്നത്.
അടുത്ത ബുധനാഴ്ച ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പകുതിയാക്കിയും, ചെറുകിട ബിസിനസ്സുകള്‍ക്കുള്ള ടാക്‌സ് വെട്ടിച്ചുരുക്കിയും നടപടി കൈക്കൊള്ളുമെന്നാണ് ടൈംസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാനുള്ള നടപടികള്‍ അടുത്ത സ്പ്രിംഗ് ബജറ്റ് വരെ നീട്ടിവെയ്ക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുമെന്നതാണ് ഇതിനുള്ള കാരണം.
ശരാശരി കുടുംബ വീടുകള്‍ക്ക് പ്രതിവര്‍ഷം 120 പൗണ്ട് വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും നീട്ടിവെയ്ക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മുതല്‍ കൗണ്‍സിലുകള്‍ക്ക് 5% വര്‍ദ്ധന വരുത്താന്‍ ട്രഷറി അനുമതി നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം നികുതി കുറയ്ക്കാന്‍ ഒരു ഭാഗത്ത് നടപടിയെടുത്താല്‍ മറുഭാഗത്ത് ബെനഫിറ്റുകളും കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്.
പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസമായെങ്കിലും കഴിഞ്ഞ മാസം യുകെ റീട്ടെയില്‍ മേഖലയുടെ വില്‍പ്പന കുറഞ്ഞത് തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിന്ന 2021 ഫെബ്രുവരിയിലെ നിലയിലേക്കാണ് കച്ചവടം കുറഞ്ഞത്. ഒക്ടോബറില്‍ റീട്ടെയില്‍ സെയില്‍സ് മൂല്യം 0.3 ശതമാനം താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. ഇതോടെ സെപ്റ്റംബറിലെ വില്‍പ്പന 0.9 ശതമാനത്തില്‍ നിന്നും 1.1 ശതമാനത്തിലേക്ക് കുറയുമെന്ന് കണക്കുകള്‍ പറയുന്നു. ക്രിസ്മസ് സീസണ്‍ അടുക്കുമ്പോഴും വില്‍പ്പന വര്‍ദ്ധിക്കാത്തത് ജീവിതച്ചെലവുകളിലെ വര്‍ധന മൂലമാണ്.