കടുത്ത ചൂടിനും മഴയ്ക്കും വെള്ളപ്പൊക്കങ്ങള്‍ക്കും കാറ്റുകള്‍ക്കും ശേഷം ബ്രിട്ടനെ വലയ്ക്കാന്‍ അതി ശൈത്യം. യുകെയില്‍ ഈ മാസം 25 മുതല്‍ കടുത്ത ഹിമപാതമുണ്ടാകുമെന്നാണ് ഡബ്ല്യൂ എക്‌സ് ചാര്‍ട്ട്‌സ് വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡിലെ മിക്ക പ്രദേശങ്ങളിലും കടുത്ത മഞ്ഞും ശീത കാറ്റുകളും ബുദ്ധിമുട്ടുകളുണ്ടാക്കും. നെറ്റ് വെതറും ഇതിനോട് സമാനമായ പ്രവചനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
നവംബര്‍ ഒടുവില്‍ വടക്കന്‍ അതിര്‍ത്തികളില്‍ ഹിമപാതം ആരംഭിച്ച് ബ്രിട്ടന്‍ കൊടും ശൈത്യത്തിലേക്ക് കൂപ്പ് കുത്തുമെന്നാണ് നെറ്റ് വെതര്‍ പ്രവചിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ സ്‌കോട്ട്‌ലന്‍ഡില്‍ കടുത്ത ഹിമപാതത്തിനും ശൈത്യത്തിനും സാധ്യതയേറെക്കാണുന്നുവെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന അതിശൈത്യം കൂടുതലായും സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ ഗ്രാമീണ സമൂഹങ്ങള്‍ ഈ പ്രതികൂല കാലാവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടിലാകുമെന്നും മുന്നറിയിപ്പുണ്ട്.
മെറ്റ് ഓഫീസ് നവംബര്‍ 19 മുതല്‍ അനുഭവപ്പെടുന്ന കാലാവസ്ഥയെക്കുറിച്ചുള്ള പ്രവചനമനുസരിച്ച് പ്രാരംഭത്തില്‍ ഏതാണ്ട് വരണ്ട കാലാവസ്ഥയായിരിക്കുമുണ്ടാകുയെന്നാണ് സൂചന. സതേണ്‍പ്രദേശങ്ങളിലും സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും ഈ അവസരത്തില്‍ പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടാന്‍ പോകുന്നത്. സ്‌കോട്ട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മാത്രമായിരിക്കും ഈ അവസരത്തില്‍ മഴയുണ്ടാകാന്‍ സാധ്യത.
പക്ഷേ വീക്കെന്‍ഡ് ആകുമ്പോഴേക്കും മഴ തെക്കന്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ മലമ്പ്രദേശങ്ങളില്‍ കടുത്ത ഹിമപാതത്തിനും സാക്ഷ്യം വഹിച്ചേക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ കാലാവസ്ഥ ആകെ അനിശ്ചിതത്വവും അസ്ഥിരവുമായിരിക്കുമെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഈ അവസരത്തില്‍ കടുത്ത മഴയും ശൈത്യപാതവും അനുഭവപ്പെട്ടേക്കാം.