ബ്രിട്ടനിലെ കോണ്‍വാളില്‍ നേരിയ ഭൂചലനം. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം ഭൗമോപരിതലത്തില്‍ നിന്നും 13 കിലോ മീറ്റര്‍ താഴെയാണെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. കോണ്‍വാളിലെ ഹെല്‍സ്റ്റണ്‍, പെന്‍സാന്‍സ്, കാമ്പോണ്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ശനിയാഴ്ച അര്‍ദ്ധ രാത്രി 12.50 നു വലിയ ശബ്ദത്തോടെയുണ്ടായ ഭൂചലനം ആയിരക്കണക്കിന് വീട്ടുകാരെ ഭയചകിതരാക്കി. വലിയ ശബ്ദത്തിലൂള്ള മുരളലും ഒപ്പം കുലുക്കവും അനുഭവപ്പെട്ടു എന്നാണ് വെസ്റ്റ് കോണ്‍വാള്‍ നിവാസികള്‍ പറയുന്നത്. ഒരു ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയതുപോലുള്ള അനുഭവമായിരുന്നു എന്ന് അവര്‍ പറയുന്നു.
റെഡ്റത്ത്, കാംബോണ്‍, പെന്‍സാന്‍സ്, ഹെല്‍സ്റ്റണ്‍, സെയിന്റ് ഐവ്സ്, സെയിന്റ് ജസ്റ്റ് എന്നിവിടങ്ങളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോന്‍സനൂത്ത് വാസികളും തങ്ങള്‍ക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായിപറഞ്ഞു എന്ന് കോണ്‍വാള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൗണ്ട്സ് ബേയില്‍ തീരത്തില്‍ നിന്നും മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ പറയുന്നു.
കോണ്‍വാളിലെ ഭൂകമ്പം ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ലെന്ന് ഡോ. ഹോതോണ്‍ ബി ബി സിയോട് പറഞ്ഞു. ബ്രിട്ടനില്‍ ഒരു വര്‍ഷം ഏതാണ്ട് 200 നും 300 നും ഇടയില്‍ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ 20 ഓ 30 എണ്ണം മാത്രമെ മനുഷ്യര്‍ക്ക് അനുഭവപ്പെടാറുള്ളു. തീവ്രത 3 നും 5 നും ഇടയിലായി പ്രതിവര്‍ഷം ഒരു ഭൂകമ്പം ബ്രിട്ടനില്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു അസാധാരണ സംഭവമായി കണക്കാക്കാന്‍ കഴിയില്ല. മാത്രമല്ല, രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളത്.