സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാനും, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളെ തൃപ്തിപ്പെടുത്താനും ബില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കി നികുതി കുറയ്ക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി റിഷി സുനാക്. രണ്ട് ഘട്ട പരിഷ്‌കാര പാക്കേജായി ചാന്‍സലര്‍ ജെറമി ഹണ്ട് ഈ പദ്ധതി അവതരിപ്പിക്കും. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ആദ്യ ഘട്ടവും, മാര്‍ച്ചിലെ ബജറ്റില്‍ രണ്ടാം ഘട്ടവും ഉള്‍പ്പെടുത്തുന്ന നിലയിലായിരിക്കും പ്രഖ്യാപനങ്ങള്‍.
പണപ്പെരുപ്പത്തില്‍ അയവ് വരുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കാന്‍ സാഹചര്യം തെളിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കിയതോടെയാണ് ചിത്രം തെളിയുന്നത്. ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. പണപ്പെരുപ്പം പകുതിയായി കുറയുകയും, റവന്യൂ വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ഇനി നികുതി കുറയ്ക്കുന്നതിലാണ് ശ്രദ്ധിക്കുകയെന്ന് സുനാക് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് നം.11-ന്റെ ചുമതല ഏല്‍ക്കുമ്പോഴുള്ള സാഹചര്യമല്ല, ഇപ്പോഴുള്ളതെന്ന് ഹണ്ട് പ്രതികരിച്ചു. യുദ്ധാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന നികുതി നിരക്കിലാണ് ഇപ്പോള്‍ രാജ്യം കഴിയുന്നത്. ഇതില്‍ നിന്നും മാറാന്‍ കഴിയുകയെന്നത് ടോറികളെ സംബന്ധിച്ച് നല്‍കാന്‍ കഴിയുന്ന ഏറ്റവും ശുഭകരമായ വാര്‍ത്തയാണ്. ബിസിനസ്സുകള്‍ക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കുമെന്നാണ് സൂചനകള്‍.
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് കുറയ്ക്കാനുള്ള നീക്കം തല്‍ക്കാലം മാറ്റിവെയ്ക്കുമെന്നാണ് കരുതുന്നത്. പണക്കാര്‍ക്ക് അനുകൂലമായി നടപടിയെന്ന് ലേബര്‍ ഇതിനെ വ്യാഖ്യാനിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റുമെന്ന ആശങ്കയിലാണ് ഇത്. പണപ്പെരുപ്പം പകുതിയാക്കി കുറയ്ക്കുന്നത് തന്റെ അഞ്ചിന നയത്തില്‍ ഉള്‍പ്പെടുത്തിയ സുനാകിന് ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞത് വലിയ രാഷ്ട്രീയ നേട്ടമാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന എതിര്‍പ്പും വാഗ്ദാനങ്ങള്‍ നടപ്പാക്കി മറികടക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്.