ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണല്‍ ഡിസീസ് ആയി അംഗീകരിക്കണമെന്ന ആവശ്യവുമായി നഴ്സുമാര്‍ മുന്‍പോട്ടു പോവുകയാണ്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി 2022 ജൂണ്‍ മുതല്‍ തന്നെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) പ്രചാരണം നടത്തി വരികയാണ്. ദീര്‍ഘകാല കോവിഡ് മൂലം രോഗങ്ങള്‍ക്കും മരണത്തിനും വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശക സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് 19 ന്റെ അഞ്ച് ലക്ഷണങ്ങള്‍ ഒക്യൂപേഷണല്‍ ഡിസീസ് ആയി പ്രഖ്യാപിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പൊള്‍ ആര്‍ സി എനും ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനും (ബി എം എ) ഒരുമിച്ച് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ 50 ല്‍ ഏറെ രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ച, സുപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. എന്നാല്‍, കോവിഡ് ബാധിച്ച ജോലിക്കാര്‍ക്കുള്ള സ്പെഷ്യല്‍ ലീവ് പ്രൊവിഷനുകള്‍ ഈ വര്‍ഷം ആദ്യത്തോടെ ബ്രിട്ടനില്‍ നിര്‍ത്തലാക്കിയിരുന്നു.ഇപ്പോഴും നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ടത്ര സുരക്ഷയില്ലാതെ കോവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ നിര്‍ബന്ധിതരാകുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ലോംഗ് കോവിഡ് മൂലം തങ്ങളുടെ ജീവിതം തന്നെ മാറിപോയതായി പല നഴ്സുമാരും പറയുന്നുണ്ടെന്ന് ആര്‍ സി എന്‍ ചീഫ് നഴ്സ് പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ ശാരീരിക പ്രശ്നങ്ങളും അവര്‍ക്ക് നേരിടേണ്ടതായി വരുന്നു-നിക്കോള റേഞ്ചര്‍ പറഞ്ഞു.