യുകെയില്‍ വീടുകളുടെ ദൗര്‍ലഭ്യം കൂടിവരുകയാണ്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ ശരിയായ സമയത്തു നടപ്പിലാക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നാണ് ഹോം ബില്‍ഡേര്‍സ് ഫെഡറേഷന്‍ (എച്ച്ബിഎഫ്) നടത്തിയ പുതിയ സര്‍വേ വെളിപ്പെടുത്തുന്നു. ഹൗസിംഗ് മാര്‍ക്കറ്റിലെ പ്രതിസന്ധികള്‍ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് നിര്‍ണായകമായ ഈ സര്‍വേഫലം പുറത്ത് വന്നിരിക്കുന്നത്.
ഹൗസിംഗ് മാര്‍ക്കറ്റിലെ പ്രതിസന്ധികള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീട് വിലകള്‍ പരിധി വിട്ട് വര്‍ധിക്കുന്നത് മുതല്‍ ഫസ്റ്റ് ടൈം ബൈയര്‍മാരുടെ അഫോര്‍ഡബിലിറ്റി വഷളാവുന്നത് വരെയുള്ള നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഹൗസിംഗ് പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി വര്‍ഷം തോറും മൂന്ന് ലക്ഷത്തോളം പുതിയ വീടുകളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നു ഗവണ്‍മെന്റ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2021-22 വര്‍ഷത്തില്‍ 233,000 പുതിയ വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ഈ സ്ഥിതിയില്‍ മെച്ചമുണ്ടാകുന്നതിന് മുമ്പ് ഇനിയും നില വഷളാകാനാണ് സാധ്യതയെന്ന പ്രവചനവും ഉയര്‍ന്നിട്ടുണ്ട്. 2023ലെ രണ്ടാം ക്വാര്‍ട്ടറില്‍ 2456 പുതിയ പ്രൊജക്ടുകള്‍ക്കുള്ള പ്ലാനിംഗ് പെര്‍മിഷനുകള്‍ മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്. 2006 മുതല്‍ എച്ച്ബിഎഫ് ഇത് സംബന്ധിച്ച കണക്കുകള്‍ സമാഹരിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ വച്ച് നോക്കിയാല്‍ ഒരു ക്വാര്‍ട്ടറില്‍ അനുവദിക്കപ്പെട്ട ഏറ്റവും കുറഞ്ഞ പ്ലാനിംഗ് പെര്‍മിഷനുകളാണിവ. ഹൗസിംഗ് പ്രതിസന്ധികള്‍ പരിഹരിക്കാനുളള നയങ്ങള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെങ്കില്‍ ഓരോ വര്‍ഷവും പണിയുന്ന പുതിയ വീടുകളുടെ എണ്ണം ഇനിയും താഴ്ന്ന വെറും 120,000 വീടുകളിലെത്തിച്ചേരുമെന്നും എച്ച്ബിഎഫ് മുന്നറിയിപ്പേകുന്നു.
ഓരോ വര്‍ഷവും പണിതുയര്‍ത്താന്‍ പോകുന്നതും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതുമായ പുതിയ വീടുകളുടെ ടാര്‍ജറ്റിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും ഇത് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ദശാബ്ദങ്ങളെടുക്കുമെന്നും തല്‍ഫലമായി ഹൗസിംഗ് മാര്‍ക്കറ്റിലെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാകുമെന്നുമാണ് ജസ്റ്റ് മോര്‍ട്ട്‌ഗേജ് ചാപ്റ്റര്‍ മാനേജിംഗ് ഡയറക്ടറായ ജോണ്‍ ഡൗഗ്റ്റി പറയുന്നത്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുളളില്‍ 1.5 മില്യണ്‍ പുതിയ വീടുകള്‍ പണിയുമെന്ന വാഗ്ദാനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ അടുത്തിടെ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ രംഗത്തെത്തിയിരുന്നു. ഇതിനായി പ്ലാനിംഗ് നിയമങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുമെന്നും ഗ്രീന്‍ബെല്‍റ്റ് ലാന്‍ഡില്‍ വീടുകള്‍ പണിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.