കോട്ടയം പാര്‍ലമെന്റ് അംഗവും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റുമായ തോമസ് ചാഴിക്കാടന്‍ എം.പിയ്ക്ക് പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുകെ ഘടകത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച ഗാട്ട് വിക്ക് വിമാനത്താവളത്തിലെത്തിയ എംപിയെ പ്രവാസി കേരളാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, മുന്‍ ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജോഷി സിറിയക്ക്, നാഷണല്‍ വൈസ് പ്രസിഡന്റ് എബി പൊന്നാംകുഴി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ലോക് സഭാംഗം എന്ന നിലയില്‍ ലഭിക്കുന്ന എം പി ഫണ്ട് നൂറ് ശതമാനം വിനിയോഗിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും മലയാളികളുടെയും അംഗീകാരം നേടിയ തോമസ് ചാഴികാടന്‍ എം പി ക്ക്, പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റി പ്രധിനിധി യോഗത്തില്‍ അനുമോദനവും ആദരവും നല്‍കി. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നനീറ്റണില്‍ കൂടിയ യോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും എംപി നിര്‍വഹിച്ചു.
പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫീസ് ചാര്‍ജ് സെക്രട്ടറി ജിജോ അരയത് സ്വാഗതവും വൈസ് പ്രസിഡന്റ് ബിനു മുപ്രാപ്പള്ളി കൃതജ്ഞതയും രേഖപ്പെടുത്തി. പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും ഉറച്ച നിലപാടുകളും നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് വളരെ പ്രയോജനകരമായി തീര്‍ന്നിട്ടുണ്ട് എന്ന് എംപി സൂചിപ്പിക്കുകയുണ്ടായി.
പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പിയും താനും കേന്ദ്ര സര്‍ക്കാര്‍ തലത്തിലും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും സംസ്ഥാന സര്‍ക്കാര്‍ തലത്തിലും പല ഘട്ടങ്ങളിലും വളരെ ഗൗരവത്തോടെ ഇടപെട്ടിട്ടുണ്ട് എന്നും പ്രസംഗ മദ്ധ്യേ എംപി സൂചിപ്പിക്കുകയുണ്ടായി. പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളിലും അതീവ ഗൗരവത്തോടെതന്നെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ന്നും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി കേരളാ കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറിയും ലോക കേരളാ സഭാംഗവുമായ സിഎ ജോസഫ് പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിനു നികുതി അടയ്ക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമം മൂലം ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളും ഇരട്ട പൗരത്വത്തിന്റെ ആവശ്യകതയും എം പി യുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രവാസികള്‍ നേരിടുന്ന പല പ്രധാന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അതോടൊപ്പം തന്നെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടുവെച്ച ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ് എന്ന ആശയത്തെ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നതെന്നും വിഷയം പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) യു കെ ഘടകം വൈസ് പ്രസിഡന്റുമാരായ അഖില്‍ ഉള്ളംപള്ളിയില്‍, റീജിയണല്‍ പ്രസിഡന്റുമാരായ റോബിന്‍ ചിറത്തലയ്ക്കല്‍, ജോമോന്‍ ചക്കുംകുഴിയില്‍, യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആല്‍ബിന്‍ പെണ്ടനാട്ട്, പി കെ രാജുമോന്‍ പാലകുഴിപ്പില്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് എം) നേതാക്കന്മാരായ ജിജോ മാധവപ്പള്ളില്‍, എം സി ജോര്‍ജ് മൂലേപ്പറമ്പില്‍, ആകാശ് കൈതാരം, മെല്‍വിന്‍ ടോം എന്നിവര്‍ പ്രസംഗിച്ചു.