ലേബര്‍ പാര്‍ട്ടി ടോറികളേക്കാള്‍ ജനപ്രീതിയില്‍ 20 പോയിന്റ് മുമ്പില്‍
ഇക്കഴിഞ്ഞ ദിവസം ചാന്‍സലര്‍ ജെറമി ഹണ്ട് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ വന്‍ തോതില്‍ നികുതി ഇളവുകളും ബെനഫിറ്റുകളും പ്രഖ്യാപിച്ചിട്ടും സുനാക് സര്‍ക്കാരിന് നഷ്ടപ്പെട്ട ജനസമ്മിതി തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നു ഏറ്റവും പുതിയ വീക്കെന്‍ഡ് സര്‍വേ ഫലങ്ങള്‍. സര്‍വേയില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 20 പോയിന്റ് ലീഡ് ചെയ്യുമ്പോള്‍ നൈജല്‍ ഫരാഗ്ഗിന്റെ റിഫോം യുകെയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അതേ സമയവും ടോറികളുടെ പ്രതിച്ഛായ മോശമാകുന്നുവെന്നാണ് ഈ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
സര്‍വേഫലമനുസരിച്ച് ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം പേരുടെ പിന്തുണ നേടി ജനപ്രിയതയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചിട്ടുണ്ട്. തൊട്ടു പുറകിലാണെങ്കിലും ടോറികള്‍ക്ക് വെറും 25 ശതമാനം പേരുടെ പിന്തുണ മാത്രമാണുളളത്. 11 ശതമാനം പേരുടെ പിന്തുണയുമായി ലിബറല്‍ ഡെമോക്രാറ്റുകളും പത്ത് ശതമാനം പിന്തുണയുമായി റിഫോം യുകെയും ജനപിന്തുണയുടെ കാര്യത്തില്‍ തൊട്ടുപുറകിലുണ്ട്. സര്‍വേഫലമനുസരിച്ച് ഗ്രീന്‍ പാര്‍ട്ടിയെ ആറ് ശതമാനം പേരും എസ്എന്‍പിയെ മൂന്ന് ശതമാനം പേരും മറ്റുള്ളവരെ ഒരു ശതമാനം പേരുമാണ് പിന്തുണക്കുന്നത്.കഴിഞ്ഞ വീക്കെന്‍ഡ് സര്‍വേയില്‍ ടോറികളേക്കാള്‍ 19 പോയിന്റിന് മുന്നില്‍ നിന്നിരുന്ന ലേബറിന് ഈ വാരത്തില്‍ അത് 20 പോയിന്റുകളാക്കി വര്‍ധിപ്പിക്കാനായിട്ടുണ്ട്.
റെഡ് ഫീല്‍ഡ് ആന്‍ഡ് വില്‍ടണ്‍ സ്ട്രാറ്റജിയാണീ സര്‍വേ നടത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവും ബെനഫിറ്റുകളിലെ വര്‍ധനവും മിനിമം വേജസ് വര്‍ധനവുമൊക്കെ പ്രഖ്യാപിച്ച ഓട്ടം സ്‌റ്റേറ്റ്‌മെന്റിലൂടെയും ടോറികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണീ സര്‍വേഫലം വ്യക്തമാക്കുന്നത്.പുതിയ സര്‍വേഫലം ടോറി പാളയത്തില്‍ കടുത്ത ഞെട്ടലും ആഘാതവുമാണുണ്ടാക്കിയിരിക്കുന്നത്. ലേബറിന് ജനപ്രീതിയേറിയെന്നതിനേക്കാള്‍ റിഫോം യുകെക്ക് ചരിത്രത്തിലാദ്യമായി പത്ത് ശതമാനം പേരുടെ പിന്തുണ ലഭിച്ചുവെന്നത് സുനക് സര്‍ക്കാരിനെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും കടുത്ത ആശങ്കയിലാണാഴ്ത്തിയിരിക്കുന്നത്.
റുവാണ്ടന്‍ പ്ലാനിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതോടെ ചാനലിലൂടെയുള്ള കുടിയേറ്റം തടയുന്നതിനുള്ള നടപടികള്‍ സാവധാനത്തിലാക്കിയത് സുനകിന്റെ ജനപ്രീതിക്ക് കടുത്ത ആഘാതമാണുണ്ടാക്കിയതെന്ന് വിലയിരുത്തലുണ്ട്. സമ്പദ് ഘടന, കുടിയേറ്റം, ആരോഗ്യ സംരക്ഷണം, തുടങ്ങിയവ അടുത്ത വര്‍ഷം നടക്കുന്ന ജനറല്‍ ഇലക്ഷനിലെ പ്രധാന വിഷയങ്ങളായി ഉയര്‍ന്ന് വരുമ്പോള്‍ ഇതില്‍ മൂന്നിലും ശോചനീയമായി പരാജയപ്പെട്ട ടോറി സര്‍ക്കാരിന് അത് കടുത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലും ശക്തമാകുന്നുണ്ട്. ഈ രംഗങ്ങളില്‍ സര്‍ക്കാരിന് വന്ന പാളിച്ചകള്‍ പരിഹരിക്കാനായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ സുനാക് നടത്തുന്ന ശ്രമങ്ങളെല്ലാം എട്ട് നിലയില്‍ പൊട്ടിയതോടെ പിടിച്ച് നില്‍ക്കാന്‍ പോലും പാടുപെടുന്ന നിലയിലായിരിക്കുകയാണ് ടോറി സര്‍ക്കാര്‍. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ തോല്‍വിയാണെന്നാണ് റെഡ്ഫീല്‍ഡ് റിസര്‍ച്ച് ഡയറക്ടറായ ഫിലിപ്പ് വാന്‍ ഷെല്റ്റിംഗ അഭിപ്രായപ്പെടുന്നത്.