യുകെയിലെ അഞ്ചില്‍ നാല് ലാന്‍ഡ്‌ലോര്‍ഡുമാരും റെന്റല്‍ പ്രോപ്പര്‍ട്ടികളിലെ എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു. ഇതിനായി കര്‍ക്കശമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ഇവര്‍ പിന്തുണയ്ക്കുവെന്നാണ് സോഷ്യല്‍ മാര്‍ക്കറ്റ് ഫൗണ്ടേഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൈവറ്റ് റെന്റഡ് സെക്ടറില്‍ എനര്‍ജി എഫിഷ്യന്‍സി വര്‍ധിപ്പിക്കുന്നതിനുള്ള കര്‍ക്കശ നിയമങ്ങളില്‍ നിന്ന് പ്രധാനമന്ത്രി സുനക് പിന്തിരിഞ്ഞത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഈ ലാന്‍ഡ്‌ലോര്‍ഡുമാര്‍ അഭിപ്രായപ്പെടുന്നു.
2028 ഓടെ എല്ലാ ലാന്‍ഡ്‌ലോര്‍ഡുമാരും തങ്ങളുടെ പ്രോപ്പര്‍ട്ടികളില്‍ മിനിമം എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് റേറ്റിംഗ് സി ലഭിക്കുന്ന വിധം അപ്‌ഗ്രേഡ് ചെയ്യണമെന്ന പദ്ധതികള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സുനക് പിന്‍വലിച്ചിരുന്നു. ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ചെലവ് വാടക വര്‍ധനവിന്റെ രൂപത്തില്‍ ടെനന്റുമാരില്‍ നിന്ന് ഈടാക്കുന്ന സാഹചര്യമില്ലാതാക്കാനാണീ നീക്കം നടത്തിയതെന്നാണ് സുനക് ന്യായീകരിക്കുന്നത്. പുതിയ നീക്കത്തെ തുടര്‍ന്ന് ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് ഇ യോട് കൂടി തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ ലീസിന് കൊടുക്കാന്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
യുകെയിലെ പ്രൈവറ്റ് റെന്റഡ് സെക്ടറാണ് എനര്‍ജി എഫിഷ്യന്‍സിയുടെ കാര്യത്തില്‍ ഏറ്റവും മോശമായ അവസ്ഥയിലുള്ളതെന്നാണ് സോഷ്യല്‍ മാര്‍ക്കറ്റ് ഫൗണ്ടേഷന്‍ എടുത്ത് കാട്ടുന്നത്. ഇതിനാല്‍ ഇത് സംബന്ധിച്ച് നടപ്പിലാക്കാനിരുന്ന കര്‍ക്കശമായ മാനദണ്ഡങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പെട്ടെന്ന് പിന്‍മാറിയതില്‍ നിരവധി ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടെന്ന് തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ എടുത്ത് കാട്ടുന്നു. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ച് വാടക പ്രോപ്പര്‍ട്ടികളിലെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി തങ്ങള്‍ നല്ലൊരു തുക മുടക്കിയ ശേഷം സര്‍ക്കാര്‍ അതില്‍ നിന്ന് പെട്ടെന്ന് പിന്‍മാറിയതിലാണ് നല്ലൊരു ശതമാനം ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കും അസംതൃപ്തിയുള്ളത്.
ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കായി സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ നല്‍കണമെന്നും സോഷ്യല്‍ മാര്‍ക്കറ്റിംഗ് ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ലോക്കല്‍ അഥോറിറ്റികള്‍ക്കും കാര്യമായ പങ്ക് വഹിക്കാനുണ്ടെന്നും ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നു.