ഇന്ത്യയില്‍ നിന്നടക്കം കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണ് ഏതാനും വര്‍ഷങ്ങളായി പാശ്ചാത്യ നാടുകളില്‍. ഇതുമൂലം ബ്രിട്ടനടക്കം രൂക്ഷമായ കുടിയേറ്റപ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അതുകൊണ്ടുതന്നെ കുടിയേറ്റം നിയന്ത്രിക്കാന്‍ അവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുകയാണ്. ഇത് മലയാളി വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിക്കും.
വിവിധ രാജ്യങ്ങള്‍ പുതുവര്‍ഷത്തില്‍ പുതിയ വിസനയം കൊണ്ടുവരാന്‍ നീക്കം തുടങ്ങി. ചില രാജ്യങ്ങളില്‍ കുടിയേറ്റം തടയുന്നതിനോ കുറയ്ക്കുന്നതിനോ പ്രാഥമിക പരിഗണന നല്‍കിയാണ് വീസ നയങ്ങളില്‍ മാറ്റം വരുന്നത്. കാനഡ ജനവരി മുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു ജീവിത ചെലവിനായി അകൗണ്ടില്‍ കാണേണ്ട തുക ഇരട്ടിയാകുമെന്ന് പറയുന്നു. എവിടേക്കും വലിയ തോതില്‍ കുടിയേറ്റം നടന്നുവരുകയാണ്.
വര്‍ധിച്ചുവരുന്ന കുടിയേറ്റത്തെ രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നായാണ് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ പലരും കാണുന്നത്. അടുത്ത വര്‍ഷം യുകെ തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍, വര്‍ധിക്കുന്ന കുടിയേറ്റം തടയാന്‍ ഫലപ്രദമായി ഇടപെട്ടുവെന്ന പ്രതീതി സൃഷ്ടിക്കുക എന്നലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
അത് ലക്ഷ്യമിട്ട് പുതിയ ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വീസ കച്ചവടവും മനുഷ്യക്കടത്തും തടയാനായി, കെയറര്‍ വീസ നല്‍കുന്നത് കര്‍ശനമായി ചുരുക്കുമെന്നാണ് പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ രാജ്യത്ത് വിദ്യാര്‍ത്ഥി വിസയിലെത്തി തൊഴില്‍ തേടുന്നവരെയും പുതിയ വിസ നയം പ്രതികൂലമായി ബാധിക്കും. നിലവില്‍ ഏഴരലക്ഷം കുടിയേറ്റക്കാരാണ് യുകെയില്‍ ഉള്ളത്. ഇത് പകുതിയാക്കുക എന്നതാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നയം.
ഓസ്ട്രേലിയയാകട്ടെ രണ്ടു വര്‍ഷത്തിനുള്ളില്‍ കുടിയേറ്റത്തിന്‍റെ തോത് പകുതിയായി കുറയ്ക്കുമെന്നു പ്രഖ്യാപിച്ച് അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്. 2025 ജൂണോടെ വാര്‍ഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കണമെങ്കില്‍ ശക്തമായ നടപടി വേണ്ടി വരും. കുടിയേറ്റം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതോടെ 10 വര്‍ഷത്തേക്കുള്ള പുതിയ ഇമിഗ്രേഷന്‍ നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ വ്യക്തമാക്കിരുന്നു. വിദ്യാര്‍ഥികളെയും ഓസ്ട്രേലിയയില്‍ ജോലി തേടി പോകുന്ന വിദേശികളെയും പുതിയ നയം പ്രതികൂലമായി ബാധിക്കും.
അതേസമയം മറ്റു ചില രാജ്യങ്ങള്‍ വിനോദസഞ്ചാര കുതിപ്പും വ്യവസായിക വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയില്‍ വിദേശികളായ വിദഗ്ധ ജോലിക്കാര്‍ക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി ഈ മാസം ആരംഭിച്ചിട്ടുണ്ട്. 3 മാസം കൊണ്ട് 20,000 പേര്‍ക്ക് ഇങ്ങനെ വീസ പുതുക്കി നല്‍കുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ലക്ഷ്യമിടുന്നത്. യുഎസിലുള്ള 10 ലക്ഷത്തോളം എച്ച്–1ബി വീസക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരായതിനാല്‍ പദ്ധതി ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടും.
അതേസമയം, അടുത്ത വര്‍ഷം യുഎസില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. കുടിയേറ്റത്തെയും വീസ നയങ്ങളയും സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ എല്ലാത്തരം എന്‍ട്രി വീസകള്‍ക്കും പുതിയ സംവിധാനം നടപ്പാക്കാനാണ് നീക്കം. മെഡിക്കല്‍ സ്റ്റാഫ്, കണ്‍സല്‍റ്റന്റുമാര്‍, അപൂര്‍വ സ്പെഷലൈസേഷനുകള്‍ ഉള്ളവര്‍ എന്നിവരെ നിലനിര്‍ത്തുന്നതിനായുള്ള നീക്കം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ഫാമിലി വീസകളെക്കുറിച്ചും നിര്‍ണായക തീരുമാനം ഉണ്ടായേക്കും. അതേസമയം, വീസകാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യം വിടാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. അവര്‍ക്ക് പ്രതിദിനം 100 KD (ദിര്‍ഹം1,192) പിഴ ചുമത്താനുള്ള പദ്ധതി കുവൈത്ത് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ജിസിസി രാജ്യങ്ങളിലെ ഏകീകൃത ഗള്‍ഫ് വീസ സംവിധാനം അടുത്ത വര്‍ഷത്തോടെ നിലവില്‍ വരും. ഇതോടെ ഒരാറ്റ വീസയിലൂടെ എല്ലാ ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കും. വിനോദ സഞ്ചാരവും വാണിജ്യ വ്യാപാര പുരോഗതിയുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് തൊഴില്‍ ലഭ്യത വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ പ്രവാസികള്‍ക്കു ഗുണകരമാണ്.