ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഒക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇവര്‍ ഒരു വര്‍ഷമായി ജയിലിലായിരുന്നു. ഇവര്‍ ഖത്തര്‍ നിര്‍മിക്കുന്ന ആണവ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഖത്തര്‍ ആരോപിക്കുന്നതെന്ന് ദ എക്‌സ്പ്രസ് ട്രിബ്യുണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവര്‍. ഏകാന്ത തടവിലായിരുന്നു എട്ടുപേരും.
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെ ഓഗസ്റ്റ് 30-ന് ദോഹയില്‍ നിന്നാണ് ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്യപ്പെട്ടവര്‍ എല്ലാവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരി പിച്ചിരുന്നു. സാദ്ധ്യമായ എല്ലാ നിയമസഹായവും ലഭ്യമാക്കും എന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു .