പഠിക്കാനും ജോലിയെടുക്കാനും ജീവിക്കാനും വിദേശരാജ്യങ്ങള്‍ മതിയെന്ന ട്രെന്റ് കേരളത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ബിബിസി വിശേഷിപ്പിച്ചപ്പോലെ കേരളത്തിലെ അനാഥമാക്കപ്പെട്ട വീടുകള്‍ അടങ്ങുന്ന 'പ്രേതഗ്രാമങ്ങള്‍' വ്യാപകമാവുകയാണ്. കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന 12 ലക്ഷം വീടുകളില്‍ 60 ശതമാനവും വിദേശത്ത് സ്ഥിരതാമസമാക്കിയവരുടേതാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍സസ് പത്തുവര്‍ഷം പിന്നിട്ടതോടെ ഈ കണക്കുകള്‍ ഇതിന്റെ പലമടങ്ങ് കൂടിയിട്ടുണ്ട്. ആഭ്യന്തരസംഘര്‍ങ്ങളും യുദ്ധവും സ്വേച്ഛാധിപത്യ ഭരണവാഴ്ചയായി കണക്കാക്കുന്ന മിക്കവാറും രാജ്യങ്ങളിലും മലയാളികള്‍ എത്തിക്കഴിഞ്ഞു.
ലോകരാജ്യങ്ങളുടെ കണക്കുകള്‍പ്രകാരം 93 ശതമാനം രാജ്യങ്ങളിലും മലയാളികളുണ്ട്. 195 രാജ്യങ്ങളില്‍ 182 രാജ്യങ്ങളിലും കേരളീയര്‍ ജോലി ചെയ്യുന്നുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും പറയുന്നു. സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ പോലും മലയാളികള്‍ ജീവിക്കുന്നു. പലസ്തീന്‍, സിറിയ, ഉക്രെയ്ന്‍ തുടങ്ങിയ യുദ്ധമേഖലകളിലും ഭരണ വെല്ലുവിളികള്‍ നേരിടുന്ന സൊമാലിയ, സിയറ ലിയോണ്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ജോലി ചെയ്യുന്നു. തുര്‍ക്ക്‌മെനിസ്ഥാന്‍, സൈനിക ഭരണകൂടം ഭരിക്കുന്ന മ്യാന്‍മര്‍, ഏറ്റവും പഴയ രാജ്യമായ ഇറാന്‍, ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാന്‍, ഇസ്രായേല്‍, റഷ്യ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ എന്നിവിടങ്ങളിലെല്ലാം മലയാളികള്‍ ജോലി ചെയ്യുകയും ജീവിക്കുകയും പലതരം കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
തൊഴില്‍ തേടി കേരളം വിടുന്നവര്‍ക്കിടയില്‍ രണ്ടു പ്രധാന കുടിയേറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവിദഗദ്ധരായ തൊഴിലാളികളില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ പോകുമ്പോള്‍ വിദ്യാസമ്പന്നരും തൊഴില്‍ വൈദഗ്ദധ്യം നേടിയവരുടേതുമായ സംഘം പോകുന്നത് പാശ്ചാത്യരാജ്യങ്ങളിലേക്കാണ്. അവിദഗ്ദ്ധ ഗ്രൂപ്പില്‍ വരുന്നവര്‍ വരുന്ന ഗള്‍ഫില്‍ യുഎഇയിലാണ് ഏറ്റവും കൂടുതല്‍. ഏകദേശം രണ്ട് ലക്ഷത്തോളം മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു. സൗദി അറേബ്യയും ഖത്തറും തൊട്ടുപിന്നിലുണ്ട്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുടിയേറാനുള്ള പ്രവണത കാട്ടുന്ന അതേസമയം മികച്ച വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ദ്ധ്യവുമുള്ളവര്‍ ഉയര്‍ന്ന ശമ്പളവും ജീവിതസാഹചര്യവും മുന്നില്‍ കാണുന്നു. ഈ ഗ്രൂപ്പിലെ പലരും പിന്നീട് സ്ഥിരതാമസമോ പൗരത്വമോ നേടുന്നതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള സാധ്യത വിരളമാകുന്നു. ഇതിനൊപ്പം ചെന്നു കയറുന്ന രാജ്യങ്ങളിലെ ജീവിതച്ചെലവ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ഈ രാജ്യങ്ങളില്‍ ഉണ്ടാകുന്ന വായ്പകളും നിക്ഷേപങ്ങളും നാട്ടിലെ പ്രവര്‍ത്തന വര്‍ഷങ്ങള്‍ കുറഞ്ഞതുമെല്ലാം കുടിയേറിയ രാജ്യത്ത് ഇവരെ പിടിച്ചു നിര്‍ത്തുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ ഒരിക്കലും മടങ്ങിവരില്ല. ജോലിക്ക് വേണ്ടി മാത്രമല്ല, വിദ്യാഭ്യാസത്തിനും വേണ്ടിയും മലയാളികള്‍ കേരളത്തില്‍ നിന്ന് പോകുന്നുണ്ട്. ജമൈക്ക, കുറാക്കോ, ബംഗ്ലാദേശ്, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 54 രാജ്യങ്ങളില്‍ കേരളീയര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കി വിദേശത്ത് ഡിപ്ലോമ, ബിരുദാനന്തര കോഴ്സുകള്‍ നേടുന്നതായിരുന്നു മുമ്പത്തെ പതിവ്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തന്നെ വിദേശത്തേക്ക് കടക്കാനുള്ള തിരക്കാണ് . ഇതോടെ
കേരളത്തിലെ സര്‍വകലാശാലകളിലെ പാതിയോളം സ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിലെ നാലു പ്രധാന സര്‍വകലാശാലകളില്‍ മാത്രം 82,230 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
നൂറുകണക്കിന് അധ്യാപകരുടെ ജോലിയ്ക്കു ഇത് ഭീഷണിയാകും. ആര്‍ട്സ് കോളേജുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.
പഴയതുപോലെ പ്രവാസികളുടെ പണം ഇനി നാട്ടിലേക്ക് ഒഴുകാനും സാധ്യതയില്ല. ഒരാള്‍ വിദേശത്തേക്ക് പോകുമ്പോഴും അവിടെ വിദ്യാഭ്യാസം ചെയ്യുമ്പോഴും ഇവിടുത്തെ പണം അവിടേയ്ക്കും തിരിച്ചൊഴുകുന്നു. ഫാമിലി ആയി അവിടെ സെറ്റില്‍ ചെയ്യുന്നതോടെ നാട്ടില്‍ മുതല്മുടക്കുകയോ നിക്ഷേപിക്കുകയോ ചെയ്യില്ല
കേരള കത്തിലെ ഗ്രാമങ്ങളില്‍ പ്രായമായവര്‍ മാത്രമുള്ളതോ അനാഥമാക്കപ്പെട്ട വീടുകള്‍ കുതിച്ചുയരുകയാണ്. പുറത്തുപോകുന്ന യുവതലമുറ തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് പുതിയ വീടുകളുടെ നിര്‍മാണമൊക്കെ കുത്തനെ ഇടിഞ്ഞു.