കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്‌കാരം ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. ലിവര്‍പൂളിലെ അവര്‍ ലേഡി ഓഫ് പീസ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ പ്രവാഹമായിരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും രാവിലെ തന്നെ വിശ്വാസ സമൂഹം എത്തിച്ചേരുകയും കൃത്യസമയത്ത് തന്നെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ളവികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടു. ഫാ സജി തോട്ടം, ഫാ ജോസ് തേക്ക് നില്‍ക്കുന്നതില്‍, ഫാ മാത്യൂസ് വലിയ പുത്തന്‍പുര ഫാദര്‍ സഞ്ജു കൊച്ചു പറമ്പില്‍ ഫാദര്‍ ജോഷി കൂട്ടുങ്കല്‍, ഫാ മനു കോന്തനാനിക്കല്‍, ഫാ അജൂബ് തോട്ടനാനിയില്‍, ഫാ ജസ്റ്റിന്‍ കാരക്കാട്, ഫാ ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫാ ജോബിന്‍ പെരുമ്പടത്തുശ്ശേരിയുടെ ശക്തവും വ്യക്തവും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രസംഗം ഏവര്‍ക്കും ഹൃദ്യമായി. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മാഞ്ചസ്റ്റര്‍, സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്‌ഷേയര്‍ എന്നിവര്‍ സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് പുറത്തു നമസ്‌കാര ശുശ്രൂഷക്കായി ഒരുക്കിയത്.
വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള പുറത്തു നമസ്‌കാര കമ്മറ്റിയില്‍ ഫാ അജുബ് തോട്ടനാനിയില്‍, ജയ്‌മോന്‍ പടവട്ടം കാലായില്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും വിവിധ കമ്മറ്റികള്‍ പുറത്തു നമസ്‌കാര തീര്‍ത്ഥാടകരെ വരവേല്‍ക്കുവാന്‍ ചിട്ടയായ പ്രവര്‍ത്തനം വഴി തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ അസൗകര്യങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നുള്ളത് ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ്. അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ദേവാലയത്തിനോട് അനുബന്ധിച്ച് ഉള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സെന്റ്മേരിസ് മിഷന്‍ മാഞ്ചസ്റ്റര്‍, സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്ക്ഷറ് എന്നീ മിഷനുകളുടെ സഹകരണത്തോടെ ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ആണ് പുറത്തു നമസ്‌കാരത്തിന് ഈ വര്‍ഷം ആതിഥേയത്വം വഹിച്ചത്. പ്രാര്‍ത്ഥനയും അനുതാപവും വഴിയും ദൈവാനുഭവം പ്രാപിപ്പിക്കുവാന്‍ ഏവര്‍ക്കും സാധിച്ചു എന്നുള്ളത് ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥന ഗീതങ്ങളും ഓരോ വിശ്വാസിക്കും ദൈവാനുഗ്രഹവുമായി മാറ്റപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്ക്കും പുറത്ത് നമസ്‌കാരത്തിനും ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു .