രണ്ടാഴ്ച മുമ്പ് ചിചെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം, അതിരമ്പുഴ സ്വദേശി സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്. അതിരമ്പുഴ സെന്റ്. മേരീസ് ഫെറോന ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടങ്ങുകളും തുടര്‍ന്ന് സംസ്‌കാരവും നടക്കുക.
ഏറെക്കാലമായി യുകെയില്‍ കഴിയുകയായിരുന്ന അതിരമ്പുഴ കല്ലുങ്കല്‍ സജിയെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്ന ദിവസമാണ് സജി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടും തണുപ്പിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.
ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി.ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ സജി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണു യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്.
അതിനാല്‍ ചിചെസ്റ്റര്‍ മലയാളി സമൂഹത്തില്‍ അടുത്ത് പരിചയം ഉള്ളവര്‍ കുറവായതും മരണ വിവരം പുറത്തറിയാന്‍ വൈകാന്‍ കാരണമായി. ഇദ്ദേഹത്തിന്റെ സഹോദര പുത്രി വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ തന്നെയാണ് താമസം.