റഷ്യ - യുക്രൈന്‍ യുദ്ധം 18 മാസം മുന്‍പ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. എന്നാല്‍ സമാധാന കരാറില്‍ ഒപ്പുവെച്ച് അവസാനിക്കേണ്ട യുദ്ധത്തിന് പാര പണിതത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
കരാറില്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും യുക്രൈയിനിലെ ഭരണപക്ഷ പാര്‍ട്ടിയെ പിന്തിരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഈസ്താംബൂളില്‍ വെച്ച് ഇടനില ചര്‍ച്ചകള്‍ നടന്നിരുന്നു. യുക്രൈന്‍ ഈ കരാറില്‍ ഒപ്പിടുകയും ചെയ്തു. പിന്നീട് ഉക്രെയിന്‍ കരാറില്‍ നിന്നും പിന്‍വാങ്ങി. റഷ്യയോട് പോരാടുന്നതാണ് നല്ലതെന്ന ബോറിസിന്റെ ഉപദേശമായിരുന്നു ഈ സമ്മര്‍ദത്തിന് പിന്നില്‍, പുടിന്‍ ആരോപിക്കുന്നു.
മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന് നല്‍കിയ അഭിമുഖത്തിലാണ് 70-കാരനായ നേതാവ് ഗുരുതര ആരോപണങ്ങള്‍ പുറപ്പെടുവിച്ചത്. പുടിന് തുറന്ന് സംസാരിക്കാനുള്ള സമയം അനുവദിച്ച് കൊണ്ടായിരുന്നു അഭിമുഖം. യുക്രൈന്‍ ഭരണപക്ഷ പാര്‍ട്ടിയുടെ മേധാവി ഡേവിഡ് അരഖാമിയ കരാറില്‍ പ്രാഥമികമായി ഒപ്പിട്ടതാണെന്ന് റഷ്യന്‍ പ്രസിഡന്റ് വാദിക്കുന്നു.
'അരഖാമിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ താല്‍പര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇടപെട്ട് ഈ ശ്രമം തടസ്സപ്പെടുത്തി. ഈ ഇടപെടലില്‍ വീണത് മണ്ടത്തരമാണ്. ഒന്നര വര്‍ഷം മുന്‍പ് തന്നെ യുദ്ധം നിര്‍ത്താന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ബോറിസ് എവിടെയാണ്? യുദ്ധം തുടരുകയും ചെയ്യുന്നു', പുടിന്‍ ചൂണ്ടിക്കാണിച്ചു.
പോളണ്ടിലും, ലാത്വിയയിലും അധിനിവേശം നടത്തുമെന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്ന് പുടിന്‍ വ്യക്തമാക്കി. പോളണ്ട് റഷ്യയെ അക്രമിക്കാത്ത പക്ഷം റഷ്യന്‍ സേന ആ രാജ്യത്തും കാലുകുത്തില്ല. പോളണ്ട്, ലാത്വിയ, അല്ലെങ്കില്‍ മറ്റ് ഇടങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല, പുടിന്‍ വ്യക്തമാക്കി.