തെരഞ്ഞെടുപ്പ് അടുത്തുവരവെ ബോറിസിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ടോറി പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമാക്കി. ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍ രംഗത്തുവന്നു. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ലേബറിന് എതിരായി പോരാടാന്‍ ബോറിസിനെ തിരിച്ചുവിളിക്കണമെന്നാണ് സമ്മര്‍ദം ശക്തമാകുന്നത്.
മുന്‍ സുഹൃത്തും, ഇപ്പോള്‍ എതിരാളിയുമായി മാറിയ ഘട്ടത്തില്‍ ഉള്‍പ്പോര് മറന്ന് ബോറിസിന്റെ പ്രചരണമികവ് പ്രയോജനപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നാണ് ഇവരുടെ ആവശ്യം. 2019 തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം കൊയ്‌തെടുക്കാന്‍ ബോറിസിന്റെ ഈ കഴിവ് സഹായകമായിരുന്നു.
രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകള്‍. എന്നാല്‍ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.
താന്‍ എന്നും ബോറിസ് ഫാനാണെന്നാണ് ഇദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം വലിയ വിജയമാണ്. ഇപ്പോള്‍ 20 പോയിന്റ് പിന്നിലാണ് പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം വലിയ മുന്നേറ്റം നേടാന്‍ സാധിച്ചിട്ടില്ല, ക്വാര്‍ട്ടെംഗ് ചൂണ്ടിക്കാണിച്ചു.
ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ബോറിസിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന മറ്റൊരു നേതാവ്. തന്നെ പിന്നില്‍ നിന്നും കുത്തിയ ഗോവിനെ പുറത്താക്കുകയാണ് പ്രധാനമന്ത്രിയായ ശേഷം ബോറിസ് ചെയ്ത ആദ്യ നടപടികളില്‍ ഒന്ന്. അതേസമയം ഇക്കുറി ബോറിസിനെ പ്രചരണത്തിന് ഇറക്കി ടോറികള്‍ വിജയിക്കുകയും, സുനാകിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും വേണമെന്നാണ് ഇപ്പോള്‍ ഗോവിന്റെ ആവശ്യം.