എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്ക ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പടക്ക ശാലാ ജീവനക്കാരന്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് ജില്ലാ ഫയര്‍ഫോഴ്സ് അറിയിച്ചു.
പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടയ്ക്കപ്പുരയ്ക്ക് ആണ് തീപിടിച്ചത്. സമീപത്തെ 25 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.
സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു വണ്ടി ഫയര്‍ഫോഴ്സ് യൂണിറ്റ് കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ- വൈക്കം റോഡില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.
വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്ക നിര്‍മാണശാലകളോ പടക്ക ശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമം.