വാലെന്റെന്‍സ്ദിന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തംചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഒരു കാമ്പസ് വിദ്യാര്‍ഥി അനുഭവിക്കേണ്ടി വന്നത് ഐഎസിനെ വെല്ലുന്ന ക്രൂരത. പരസ്യവിചാരണയും മൃഗീയ മര്‍ദ്ദനത്തിനുമൊടുവില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബി.വി.എസ്‌സി. വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥ് (21) മരണപ്പെടുമ്പോള്‍ ജനാധിപത്യവും സോഷ്യലിസവും കൊലച്ചിരി മുഴക്കുകയായിരുന്നു. എസ്.എഫ്.ഐ ഗുണ്ടകളുടെ ക്രൂരതയ്ക്ക് ഇരയായ സിദ്ധാര്‍ഥ് മലയാളികള്‍ക്കുമുമ്പില്‍ വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ്. ഭരണ തണലില്‍ ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയുടെ ഗുണ്ടായിസത്തിനു ഇരയായി ഒരു ജീവന്‍ പൊലിയുമ്പോഴും നാവിറങ്ങി നില്‍ക്കുകയാണ് സാംസ്കാരിക പുംഗവന്മാര്‍.
അഞ്ചുദിവസത്തെ ക്രൂരമര്‍ദനത്തിനും കൊടിയ മാനസിക പീഡനത്തിനും ഇരയായയാണ് സിദ്ധാര്‍ഥ് മരിച്ചത്. വീട്ടിലേക്കു പോയ സിദ്ധാര്‍ഥിനെ പാതിവഴിയില്‍ മടക്കിവിളിച്ച് ഹോസ്റ്റല്‍ അന്തേവാസികളായ 130 വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ നഗ്നനാക്കി നിര്‍ത്തി പരസ്യവിചാരണ നടത്തി ബെല്‍റ്റുകളും ഇരുമ്പുവടികളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചായിരുന്നു ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. റാഗിങ്‌വിരുദ്ധ സെല്‍ അംഗമായ കോളജ് യൂണിയന്‍ പ്രസിഡന്റും യൂണിയന്‍ അംഗവും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരായിരുന്നു മര്‍ദകസംഘാംഗങ്ങള്‍. നൂറിലേറെ വിദ്യാര്‍ഥികള്‍ നാവിറങ്ങി ഇത് കണ്ടുനിന്നു.
ഫെബ്രുവരി 14ന് വാലെന്റെന്‍സ്ദിന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തംചെയ്തതാണു പ്രകോപനത്തിനു കാരണം. അന്നു വൈകിട്ടു മുതല്‍ പീഡനപരമ്പര തുടങ്ങിയതായി മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. പിറ്റേന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വന്തം വീട്ടിലേക്ക് സിദ്ധാര്‍ഥ് യാത്രതിരിച്ചു. കൊച്ചിയില്‍ എത്തിയപ്പോള്‍ സ്വന്തം ബാച്ചിലെ ഒരു വിദ്യാര്‍ഥിയെക്കൊണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഫോണില്‍ വിളിപ്പിച്ചു സിദ്ധാര്‍ഥിനെ തിരികെയെത്തിച്ചു. തുടര്‍ന്ന് ക്രൂരമര്‍ദനത്തിനിരയാക്കി. 16ന് രാവിലെ ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിലെ കുന്നിന്‍ മുകളിലെത്തിച്ചും മര്‍ദിച്ചു. ഹോസ്റ്റലില്‍ തിരികെയെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടിയോട് സിദ്ധാര്‍ഥ് അപമര്യാദയായി പെരുമാറിയെന്ന് വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു.
സിദ്ധാര്‍ഥിന്റെ ഫോണ്‍ പിടിച്ചു വാങ്ങി കോളജിലെ ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പില്‍നിന്നു പുറത്താക്കി. അന്ന് ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് നഗ്‌നനാക്കിനിര്‍ത്തി പരസ്യവിചാരണ നടത്തി അപമാനിച്ചു. 13 സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ട് ബെല്‍റ്റുകള്‍ മുറിയുംവരെയും ഇലക്ട്രിക് വയറും ഇരുമ്പുകമ്പിയും ഉപയോഗിച്ചു സിദ്ധാര്‍ഥിനെ ക്രൂരമായി മര്‍ദിച്ചു. 17 ന് പീഡനമുറകള്‍ ആവര്‍ത്തിച്ചു.
18നു രാവിലെയും 13 അംഗ സംഘം സിദ്ധാര്‍ഥിനെ മര്‍ദിച്ചു. അന്ന് ഉച്ചയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍സിദ്ധാര്‍ഥിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥ് ക്രൂര മര്‍ദനത്തിനിരയായെന്നു സ്ഥിരീകരിക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകള്‍ ഉണ്ട്. തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ പാടുമുണ്ട്. കഴുത്തില്‍ കുരുക്കു മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവില്‍ അസ്വാഭാവികതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.