ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍, മാര്‍ച്ച് നാലിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു വിദേശ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഇത് വരെ ഒ സി ഐ കാര്‍ഡ് ഉടമകളെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യമായിട്ടായിരുന്നു പരിഗണിച്ചിരുന്നത്.
ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും, വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന് തന്നെയും ഈ തീരുമാനം ഒരു തിരിച്ചടിയാണെന്ന് പറയപ്പെടുന്നു
അതേസമയം 2005, 2007, 2009 എന്നീ വര്‍ഷങ്ങളില്‍ നിലവില്‍ വന്ന, ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ള നിയമത്തിന്റെ വ്യാഖ്യാനം മാത്രമാണ് ബുള്ളറ്റിന്‍ എന്നാണ് സാന്‍ ഫ്രാന്‍സിസ്‌കോ കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞത്. ഈ നിയമങ്ങള്‍ പ്രകാരം ഒ സി ഐ കാര്‍ഡ് ഉടമകള്‍ മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, പര്‍വ്വതാരോഹണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം.
അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രത്യേകാനുമതി വാങ്ങിയിരിക്കണം. അരുണാചല്‍ പ്രദേശ് പൂര്‍ണ്ണമായും, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും ഇത്തരത്തിലുള്ള നിയന്ത്രിത പ്രവേശനമുള്ള മേഖലകളാണ്. അതിനു പുറമെ മണിപ്പൂര്‍, മിസോറാം, സിക്കിം, നാഗാലണ്ട് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും, രാജസ്ഥാന്‍, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും നിയന്ത്രിത മേഖലയില്‍ ഉള്‍പ്പെടും.
കൂടാതെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ദത്തെടുക്കുന്നതിലും ഇനി മുതല്‍ ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. വിദേശ ഇന്ത്യാക്കാര്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം. അതുപോലെ ഇന്ത്യയില്‍ താമസിക്കുന്ന ഒ സി ഐ കാര്‍ഡ് ഉടമകള്‍, അവരുടെ മേല്‍വിലാസം മാറുമ്പോഴോ, ജോലി മാറുമ്പോഴോ അക്കാര്യം ഫോറിന്‍ റീജ്യണല്‍ റെജിസ്ട്രേഷന്‍ ഓഫീസറേയോ, ഫോറിനേഴ്സ് റെജിസ്ട്രേഷന്‍ ഓഫീസറെയോ അക്കാര്യം ഇ മെയില്‍ മുഖാന്തിരം അറിയിച്ചിരിക്കണം.
എന്നാല്‍, ചില ആനുകൂല്യങ്ങള്‍ ഈ ബുള്ളറ്റിന്‍ വഴി ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ചരിത്രസ്ഥലങ്ങള്‍, മ്യുസിയം എന്നിവ സന്ദര്‍ശിക്കുന്നതിനുള്ള ഫീസും അതുപോലെ രാജ്യത്തിനകത്തെ വിമാന യാത്രാക്കൂലിയും ഇന്ത്യന്‍ പൗരന്മാരുടേതിന് തുല്യമാക്കിയിട്ടുണ്ട് ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും. ഇന്ത്യയില്‍ സ്ഥലമോ കെട്ടിടമോ വാങ്ങണമെങ്കില്‍ ഒ സി ഐ കാര്‍ഡ് ഉടമകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയിരിക്കണം. അതേസമയം, വിദേശ ഇന്ത്യാക്കാര്‍ക്ക് കൃഷിയിടങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് തുടരും.