പരിപ്പുവടയും കട്ടന്‍കാപ്പിയും ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പണ്ട് വിശേഷിപ്പിച്ചിരുന്ന ബൂര്‍ഷായുമായി ഇടപാടുകള്‍ നടത്തുന്ന നേതാക്കളുടെ കാലമാണ്. മുമ്പ് ദേശാഭിമാനി ജനറല്‍ മാനേജരും മന്ത്രിയും പിന്നീട് ഇടതുമുന്നണി കണ്‍വീനറുമായ സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ എല്ലാ രീതിയിലും 'പുരോഗമനം' കൈവരിച്ച ആളായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ വിവാദങ്ങളുടെ കളിത്തോഴനാണ്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതും ദേശാഭിമാനിക്ക് പരസ്യം വാങ്ങിച്ചതും അതിനെ ന്യായീകരിച്ചു വെട്ടിലായതും മന്ത്രിയായപ്പോള്‍ ചിറ്റപ്പന്റെ റോളെടുത്തതുമൊക്കെ ഇപിയുടെ കിരീടത്തിലെ 'പൊന്‍തൂവലുകളാണ്' .
ഇപ്പോഴിതാ ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന ആരോപണം പുറത്തുവന്നിരിക്കുന്നു
വൈദേകം- നിരാമയ റിസോര്‍ട്ടുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല എന്നാണു ഇപി പറഞ്ഞത്. നിരാമയയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടോ എന്നും തനിക്കറിയില്ല. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല എന്നാണ് ഇപി പറയുന്നത്.
എന്നാല്‍ ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നു ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ടുതന്നെ 'ചിറ്റപ്പന്റെ' വിശാലമായ ബന്ധങ്ങളുടെ തലവേദനയിലാണ് സിപിഎം.