യുകെയില്‍ പാന മരണങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എന്ന റിപ്പോര്‍ട്ടിന് പിന്നാലെ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം ആശങ്കപ്പെടുത്തുവിധം കുതിച്ചുയരുന്നു എന്നതും പുറത്തുവന്നു. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയിലാണ് മദ്യപാനം കുതിച്ചുയര്‍ന്നിരിക്കുന്നത്. കൂടുതല്‍ മരണങ്ങളും ദീര്‍ഘകാല മദ്യപാന പ്രശ്‌നങ്ങളുടെയും, അടിമത്തത്തിന്റെയും ഭാഗമായി സംഭവിച്ചതാണ്. കൊവിഡ് മഹാമാരി മനസ്സിന്റെ താളംതെറ്റിച്ചപ്പോള്‍ സ്ത്രീകളടക്കം പലരും അഭയം തേടിയത് മദ്യത്തിലാണ്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മദ്യപാനം കുതിച്ചുയര്‍ന്നതെന്നാണ് ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് ബ്രാന്‍ഡുകള്‍ ബുദ്ധിപരമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ട്രെന്‍ഡിന് ഉത്തേജനം പകരുകയാണ്. ഇതിന് പുറമെ മഹാമാരി കാലത്തെ നിയന്ത്രണങ്ങള്‍ അപകടകരമായ മദ്യപാന ശീലങ്ങള്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യാപകമാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിഷയം എമര്‍ജന്‍സിയാണെന്നാണ് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മരണങ്ങള്‍ ഈ വിധം കൈവിട്ട് കുതിക്കാന്‍ അനുവദിക്കരുതെന്നാണ് ഒരു ക്യാംപെയിനര്‍ ചൂണ്ടിക്കാണിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ദശകങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ ഇത് അതിവേഗം വളരുകയാണുണ്ടായത്. ആദ്യത്തെ ദേശീയ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതും, പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വളഷാകുകയും ചെയ്തത് ഈ സമയത്താണ്.
2022-ല്‍ മാത്രം മദ്യവുമായി ബന്ധപ്പെട്ട് 10,000-ലേറെ മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ടെത്തി. മഹാമാരിക്ക് മുന്‍പത്തേക്കാള്‍ 32.8 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത്. ഇതേ കാലയളവില്‍ സ്ത്രീകള്‍ക്കിടയില്‍ 37 ശതമാനം മരണങ്ങളാണ് വര്‍ദ്ധിച്ചത്. പുരുഷന്‍മാരില്‍ 31% വര്‍ദ്ധനവും രേഖപ്പെടുത്തി.
കൂടുതല്‍ മരണങ്ങളും ദീര്‍ഘകാല മദ്യപാന പ്രശ്‌നങ്ങളുടെയും, അടിമത്തത്തിന്റെയും ഭാഗമായി സംഭവിച്ചതാണ്. ആല്‍ക്കഹോളിക് ലിവര്‍ രോഗങ്ങള്‍ മൂലമാണ് 76 ശതമാനം കേസുകളും. 500-ലേറെ മരണങ്ങള്‍ മദ്യപിച്ച് അപകടം സംഭവിച്ചും, മനഃപ്പൂര്‍വ്വം മദ്യം വിഷമായി മാറുകയും ചെയ്തത് കൊണ്ടുണ്ടായതാണ്.