ലണ്ടന്‍: ഭവനവിപണിയില്‍ കടക്കാന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി ജനം. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്‌ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍ വ്യക്തമാക്കി.
ആദ്യത്തെ മോര്‍ട്ട്‌ഗേജ് എടുക്കുന്ന 30 മുതല്‍ 39 വരെ പ്രായമത്തിലുള്ളവരില്‍, 30943 ഹോം ലോണുകള്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായവും കടന്ന് പോകുന്നവയാണ്. ഇതില്‍ 39% 2023-ലെ അവസാന മൂന്ന് മാസങ്ങളിലാണ് അനുവദിച്ചത്. ഇതിന് മുന്‍പുള്ള രണ്ട് വര്‍ഷത്തില്‍ ഇത് 23 ശതമാനമായിരുന്നു.
അതേസമയം 40 മുതല്‍ 49 വയസ്സ് വരെയുള്ളവരുടെ 32,305 പുതിയ മോര്‍ട്ട്‌ഗേജുകള്‍ വിരമിക്കല്‍ പ്രായത്തിന് അപ്പുറത്തേക്ക് പോകുന്നതാണ്. ഹോം ലോണെടുക്കാന്‍ വൈകുംതോറും ഇത് പൂര്‍ത്തിയാകുന്ന കാലാവധിയും വിരമിക്കല്‍ പ്രായം കടന്നുപോകും. സാധാരണമായി എടുക്കുന്ന 25 വര്‍ഷത്തിന് അപ്പുറത്തേക്ക് കാലയളവ് നീട്ടിയാല്‍ പ്രതിമാസ തിരിച്ചടവ് കുറയുന്നതാണ് ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതോടെ ആയുസ് മുഴുവന്‍ മോര്‍ട്ട്‌ഗേജുകള്‍ അടക്കേണ്ട സ്ഥിതിയിലാണ് വീട് വാങ്ങുന്നവര്‍.