നീണ്ട 19 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി. ചെണ്ടമേളങ്ങളും നട വിളികളും മാര്‍ത്തോമന്‍ വിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ റോയല്‍ സല്യൂട്ടും നല്‍കിയാണ് യുകെയിലെ മലയാളി സമൂഹം തങ്ങളുടെ പ്രിയപ്പെട്ട സജിയച്ചന് യാത്രയപ്പ് നല്‍കിയത്.
11 വൈദീകര്‍ ചേര്‍ന്നര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ ദിവ്യബലിയും, പൊതുസമ്മേളനത്തിലും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആണ് പങ്കാളികളായത്. മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30 ന് നടന്ന ദിവ്യബലിയോട് കൂടിയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. യുകെയുടെ പലഭാഗങ്ങളില്‍ നിന്നെത്തിയ പത്തോളം വൈദീകര്‍ കാര്‍മ്മികരായി. വൈദീകര്‍ പ്രദക്ഷിണമായി എത്തിയതോടെ ഫാ.സുനി പടിഞാറേക്കര ഏവരെയും സ്വാഗതം ചെയ്തതോടെ ദിവ്യബലിക്ക് തുടക്കമായി. ദിവ്യബലി മദ്ധ്യേ ഫാ.സജി മലയില്‍ പുത്തന്‍പുര സന്ദേശം നല്‍കുകയും, ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ ആയുസിലെ ആരോഗ്യത്തോടെയുള്ള നല്ല നാളുകള്‍ യുകെയിലെ പ്രത്യേകിച്ച് മാഞ്ചസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തിന്റെയും, ക്‌നാനായ സമൂഹത്തിന്റെയും ഉന്നമനത്തിനായിട്ടാണ് ചിലവഴിച്ചതെന്നും ഇവയൊന്നും താന്‍ കൊണ്ടുപോകുന്നില്ലെന്നും, ഈ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കും, വരും തലമുറക്കും മുതല്‍കൂട്ടാവട്ടെയെന്നും അച്ചന്‍ വികാര നിര്‍ഭരമായി പറഞ്ഞു
ദിവ്യബലിയെ തുടര്‍ന്ന് ചെണ്ടമേളങ്ങളാലും, മാര്‍ത്തോമന്‍ വിളികളാലും, നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ സജിയച്ചനെ തോളിലേറ്റി വേദിയില്‍ എത്തിച്ചതോടെയാണ് പൊതുസമ്മേളനത്തിനു തുടക്കമായത്.പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ജിഷു ഏവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ 2005 ല്‍ അച്ചന്‍ യുകെയില്‍ എത്തിയപ്പോള്‍ മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് ഷ്രൂഷ്ബറി രൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, സെന്റ് മേരീസ് ക്‌നാനായ മിഷനേയും വിവിധ ഭക്തസംഘടനകളെയും പ്രതിനിധീകരിച്ച് അനി ജോര്‍ജ്, സിറോ മലബാര്‍ രൂപതയെ പ്രതിനിധീകരിച്ച് ഫാ.ജോണ്‍ പുളിന്താനം, മുന്‍ യുകെ കെ സി എ പ്രസിഡണ്ട് ബെന്നി മാവേലി, രണ്ടാം തലമുറയിലെ യുവജനങ്ങളെ പ്രതിനിധീകരിച്ച് ജിതിന്‍ സിറിയക്ക്, ക്‌നാനായ മിഷന്‍ വൈദീകരെ പ്രതിനിധീകരിച്ച് ഫാ .ജോസ് തെക്കിനിക്കുന്നേല്‍, 15 ക്‌നാനായ മിഷനിലെയും സണ്ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിനെ പ്രതിനിധീകരിച്ച് തോമസ്‌കുട്ടി വെയില്‍സ്, കിഷോര്‍ ബേബി, എന്നിവരും സംസാരിച്ചു.തുടര്‍ന്ന് വിവിധ സംഘടനകളുടെ ഉപഹാരങ്ങള്‍ അച്ചന് കൈമാറി.
രണ്ടാം തലമുറയ്ക്ക് അച്ചന്‍ പകര്‍ന്നു നല്‍കിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ജിതിന്‍ സംസാരിച്ചത്. തങ്ങളുടെ ചെറുപ്പം മുതല്‍ വിശ്വാസ ചൈതന്യത്തില്‍ അച്ചന്‍ വളര്‍ത്തികൊണ്ടുവന്നതിനെയും, തുടര്‍ന്ന് വിവാഹം, മക്കളുടെ മാമോദീസ അടക്കം നടത്തി തങ്ങളെ വിശ്വാസത്തില്‍ കൈപിടിച്ച് നടത്തിയ സജിയച്ചനെ തങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് ജിതിന്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെ മൂന്ന് ആര്‍മി വിഭാഗങ്ങളിലും മാര്‍ഷല്‍ മാരായി സേവനം ചെയ്തിട്ടുള്ള സിറിയക് ജെയിംസ്, ഷൈജു, ജോസ് അത്തിമറ്റം തുടങ്ങിയവര്‍ ചേര്‍ന്ന് അച്ചന് റോയല്‍ സല്യൂട്ട് നല്‍കി. ഇതേസമയം ബ്രിട്ടീഷ് ദേശീയഗാനം ആലപിച്ചു ഏവരും എഴുന്നേറ്റു നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട സജിയച്ചന് യാത്രാമൊഴിയേകിയത്.ഫാ മൈക്കിള്‍ ഗാനന്‍ സജിയച്ചന്‍ ഇംഗ്ലീഷ് കമ്യുണിറ്റിക്കും,സിറോമലബാര്‍ സമൂഹത്തിനും നല്‍കിയ സേവങ്ങള്‍ക്ക് നന്ദി പറഞ്ഞു സംസാരിച്ചു. ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ആയും, മാഞ്ചസ്റ്റര്‍ തിരുന്നാളിന്റെ തുടക്കകാരനും ഒക്കെയായി അച്ചന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെഏറെ പ്രശംസിച്ചു സംസാരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് വിവിധ ക്‌നാനായ മിഷനിലെ ആളുകള്‍ അവതരിപ്പിച്ച ആശംസാ ഡാന്‍സുകളും വിവിധങ്ങളായ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.തുടര്‍ന്നു ഡീക്കന്‍ അനില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും ,വിജയത്തിനായി സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ ,സ്‌നേഹ വിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ട്ടര്‍ എന്നീ ചുമതലകളുമായിട്ടാണ് ഫാ.സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക് മടങ്ങുന്നത്. ഇ മാസം 15 ന് അച്ചന് യുകെയിലെ ചുമതലകളില്‍ നിന്നും ഒഴിയുകെയും തുടര്‍ന്ന് 29ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്യും .
യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്കായി, സമുദായ റീത്തു വ്യത്യാസങ്ങളിലാതെ ഏവരെയും ഒരുമിച്ചുചേര്‍ക്കുന്നതിനും, അവരുടെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫാ.സജി മലയില്‍പുത്തന്‍പുര. പിന്നീട് മലയാളി സമൂത്തിന്റെ വേദനകളിലും, സന്തോഷങ്ങളിലും ഓടിയെത്തിയ അച്ചന്‍ വിശ്വസികളുടെ ആത്മീയ വളര്‍ച്ചക്കായി ഏറെ ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ രൂപീകരിക്കുകയും അത് കാര്യക്ഷമായി നടപ്പില്‍ ആക്കുന്നതിനുമായി അഹോരാത്രം പണിയെടുക്കുകയും ചെയ്ത വ്യക്തിയാണ്.