ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് മൂലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന ന്യായീകരണം.
എന്നാല്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'പ്രശ്നക്കാരായ' കുറ്റവാളികളെയും ഈ കൂട്ടത്തില്‍ പുറത്തുവിടുന്നുവെന്നും, ഇവരില്‍ ചിലര്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നവരാണെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എച്ച്എംപി ലൂവിസില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ നിയന്ത്രണത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയത്. ഈസ്റ്റ് സസെക്‌സ് ജയിലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ചെംസ്‌ഫോര്‍ഡ് ജയില്‍ റിപ്പോര്‍ട്ടും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, തീവ്രവാദം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ കൂടാതെ, നാല് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും നേരത്തെ പുറത്തുവിടാനുള്ള സ്‌കീം പ്രകാരം യോഗ്യതയില്ലെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഉയര്‍ന്ന അപകടം സൃഷ്ടിക്കുന്നവര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.