യുകെയിലും, യുഎസിലും പുതിയ കോവിഡ് വേരിയന്റ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മേധാവികള്‍. രൂപമാറ്റം നേരിട്ട സ്‌ട്രെയിന്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.
ഫ്ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. യുഎസില്‍ കാല്‍ശതമാനം കേസുകള്‍ക്ക് പിന്നിലും ഫ്ലെര്‍ട്ട് തന്നെയാണെന്ന് നിരീക്ഷണ ഡാറ്റ വ്യക്തമാക്കുന്നു. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.
പുതിയ വേരിയന്റുകള്‍ കാണപ്പെടുമ്പോള്‍ പ്രാഥമിക ഘട്ടത്തില്‍ ഇതിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണ്. ജനിതക രൂപമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടേയിരിക്കും. ഇത് ചിലപ്പോള്‍ രോഗം പകരാനുള്ള സാധ്യത കുറച്ചേക്കാം, യുകെഎച്ച്എസ്എ പറഞ്ഞു. പുതിയ വേരിയന്റുകള്‍ വന്നാലും മുന്‍കാലത്തെ പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ മുതിരില്ലെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ സമൂഹത്തില്‍ ടെസ്റ്റിംഗ് വ്യാപകമല്ലാത്തതിനാല്‍ എത്രത്തോളം രോഗം വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പില്ല. വിവിധ തരംഗങ്ങളില്‍ നിന്നും, വാക്‌സിനേഷന്‍ മൂലവും നേടിയ പ്രതിരോധശേഷിയുടെ ബലത്തിലാണ് അധികൃതര്‍ ആത്മവിശ്വാസം പുലര്‍ത്തുന്നത്.