കുടുംബങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യുകെയില്‍ നിന്നും ഇന്ത്യന്‍ കെയര്‍ വര്‍ക്കര്‍മാര്‍ അകലുന്നു. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ജോലി ചെയ്യാനുള്ള വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ ഇടിഞ്ഞു.
2023 ഏപ്രിലിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകളില്‍ 76% കുറവും, ഫാമിലി ഡിപ്പന്റന്‍ഡ്‌സിന് അപേക്ഷിക്കുന്നതില്‍ 58% ഇടിവുമാണ് രേഖപ്പെടുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ലെ ഹെല്‍ത്ത് & കെയര്‍ വിസകളില്‍ ഇന്ത്യന്‍ പൗരന്‍മാരാണ് മുന്നിലുണ്ടായിരുന്നത്.
ഇതിനിടെ യുകെയിലെത്തിയ നിരവധി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ ചിലരുടെ കുടുംബങ്ങളും യുകെയിലുണ്ട്. വിസാ നിയമങ്ങള്‍ പ്രകാരം പുതിയ ജോലി കണ്ടെത്തിയില്ലെങ്കില്‍ രണ്ട് മാസത്തിനകം നാടുകടത്തുമെന്നാണ് ഭീഷണി.
സ്റ്റുഡന്റ് വിസകളില്‍ നിയന്ത്രണം വന്നതോടെ 2024-ലെ ആദ്യ നാല് മാസത്തില്‍ സ്റ്റുഡന്റ് ഡിപ്പന്റന്‍ഡ് അപേക്ഷകളില്‍ 79% കുറവ് വന്നിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായെന്ന് തെളിയിക്കാനാണ് സുനാക് ഗവണ്‍മെന്റ് ഈ കണക്കുകള്‍ ഉപയോഗിക്കുന്നത്.