താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് ഇക്കുറി തലമുറ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച, നിലവിലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. 'ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്‍ക്കാര്‍ വരട്ടെ.'-അദ്ദേഹം പറഞ്ഞു.
'അമ്മ'യുടെ അമരക്കാരനാവുന്ന അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ആവുമെന്നാണ് സൂചനകള്‍. മലയാള സിനിമയിലെ നിലവിലെ അവസ്ഥയില്‍ തലമുറ മാറ്റം അനിവാര്യമെന്ന് വിലയിരുത്തലുകളുണ്ട്. ഒപ്പം മലയാളത്തിലെ യുവതലമുറയിലെ തെറ്റായ ചില പ്രവണതകളെ ചെറുക്കുകയും വേണം. അതുകൊണ്ടുതന്നെ വ്യക്തമായ നിലപാടും കഴിവും ഉള്ള പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരുമെന്നാണ് കരുതുന്നത്. സൂപ്പര്‍താരങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. മാത്രമല്ല ഇടഞ്ഞു നില്‍ക്കുന്ന വനിതാ താരങ്ങള്‍ക്കുപോലും പൃഥ്വിയോട് മതിപ്പാണ്. സംഘടനയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാന്‍ താരത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഭിനേതാവ്, നിര്‍മാതാവ് , വിതരണക്കാരന്‍ , സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് പൃഥ്വി.
'അമ്മ'യുടെ അടുത്ത പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്നാണ് ഇടവേള ബാബു പറയുന്നത്. പൃഥ്വിരാജിന് അതിനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇടവേള ബാബു ജനറൽ സെക്രട്ടറിയായി കുഞ്ചാക്കോ ബോബൻ വരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.
അമ്മയുടെ അടുത്ത പ്രസിഡൻ്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിൻ്റേതായ പൊളിറ്റിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡൻ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. രാജു നമ്മൾ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാൻ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്.
ഷൂട്ടിങ്ങും കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാൽ എപ്പോൾ വിളിച്ചാലും ആദ്യം ഫോൺ എടുക്കുന്ന ഒരാളാണ്. രാജു ഒരിക്കലും ഒരു എതിരാളി ഒന്നുമല്ല. എൻ്റെ ഇതിൽ രാജുവാണ് അടുത്ത പ്രസിഡൻ്റ് ആകേണ്ട ഒരാൾ. അതുപോലെ ചാക്കോച്ചൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്.” എന്നാണ് ഒരു അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്. പൃഥ്വിരാജ് സമ്മതം മൂളിയാല്‍ പ്രസിഡന്റ് ആകും.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും.