വിദേശ റിക്രൂട്ട്‌മെന്റും, ഇമിഗ്രേഷനും ബന്ധിപ്പിക്കുമെന്നും ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ടോറികളെ വീഴ്ത്താനായുള്ള പൂഴിക്കടകന്‍ കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളിയാണ്. ലേബറിന്റെ വരവ് ഇമിഗ്രേഷന്‍ നിയന്ത്രണം കടുപ്പിക്കുമെന്ന സ്ഥിതിയാണ്.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ ആണ് ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ എണ്ണം കുറയ്ക്കുമെന്ന് തുടര്‍ച്ചയായി വാഗ്ദാനം ചെയ്ത് കണ്‍സര്‍വേറ്റീവുകള്‍ ഈ വാഗ്ദാനം ലംഘിക്കുകയാണ് ചെയ്തതെന്ന് കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ പാര്‍ട്ടി ഈ നീക്കം ശക്തമാക്കുന്നത്.
സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എത്തിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയിലെ കണക്കുകള്‍ 685,000 എത്തിയെന്നാണ് വ്യക്തമായത്. 2022-ല്‍ റെക്കോര്‍ഡിട്ട 764,000 വരെ ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചിറക്കം.
അവസാന വട്ടം തെരഞ്ഞെടുപ്പ് നടന്ന 2019-ലെ കണക്കുകളുടെ മൂന്ന് ഇരട്ടിയാണ് 2023-ലെ നെറ്റ് മൈഗ്രേഷന്‍. 2012-ല്‍ നെറ്റ് മൈഗ്രേഷന്‍ കേവലം 200,000-ല്‍ താഴെയായിരുന്നു. മൈഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്ന ബിസിനസ്സുകളെ വിലക്കാനാണ് തന്റെ ഗവണ്‍മെന്റ് തയ്യാറാകുകയെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ലേബര്‍ ഭരണത്തിലെത്തിയാല്‍ മൈഗ്രേഷനെ ആശ്രയിക്കുന്നത് കുറയ്ക്കും, യുകെ ജോലിക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും, കീര്‍ വ്യക്തമാക്കി. ഹെല്‍ത്ത്, കണ്‍സ്ട്രക്ഷന്‍ മേഖലകളാണ് ഒഴിവുള്ള വേക്കന്‍സികളിലേക്ക് ആളെ എത്തിക്കാന്‍ മൈഗ്രേഷനെ ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കാന്‍ വര്‍ക്ക്‌ഫോഴ്‌സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലേബറിന്റെ ലക്ഷ്യം.
സ്‌കില്ലുകള്‍ ഉള്ളവരെ വികസിപ്പിച്ചെടുക്കാന്‍ പരിശീലനം നല്‍കുകയാണ് ലേബറിന്റെ ഉദ്ദേശം. വിദേശ ജോലിക്കാരെ ജോലിക്കെടുക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് നിയമം ലംഘിച്ചാല്‍ എംപ്ലോയറെയും, ഏജന്‍സികളെയും വിലക്കാനും ആലോചിക്കുന്നു. കൂടാതെ വിദേശ ജോലിക്കാര്‍ക്ക് മിനിമം കൂലി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും പണികൊടുക്കാനാണ് ലേബര്‍ ആലോചിക്കുന്നത്. ഏതായാലും പാരമ്പരാഗതമായുള്ള കുടിയേറ്റ ചായ്‌വ് ലേബര്‍ മാറ്റുന്നതിന്റെ സൂചനയായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.