രാജ്യം ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങവെ നടത്തിയ ആദ്യ ടിവി സംവാദത്തില്‍ ടാക്‌സിന്റെ പേരില്‍ ഏറ്റുമുട്ടി പ്രധാനമന്ത്രി റിഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും. തന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന വ്യക്തി 'നിങ്ങളുടെ ജോലി, നിങ്ങളുടെ കാര്‍, നിങ്ങളുടെ പെന്‍ഷന്‍ എന്നിവയെ ലക്ഷ്യമിടുമെന്നും, ലേബറിന്റെ ഡിഎന്‍എയില്‍ നികുതി ഉള്‍പ്പെടുന്നുവെന്നും', പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലേബര്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2000 പൗണ്ട് നികുതി അടിച്ചേല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉടനീളം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ നികുതി ഉയര്‍ത്തി 70 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ച് ദുരന്തം സൃഷ്ടിച്ചത് ടോറികളാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. അതേസമയം ലേബര്‍ നികുതി ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ ലേബര്‍ നേതാവ് പത്ത് തവണ വിസമ്മതിച്ചു. എന്‍എച്ച്എസ്, അതിര്‍ത്തി, വിശ്വാസ്യത എന്നിങ്ങനെ വിഷയങ്ങളിലാണ് ഇരുവരും പോരാടിയത്.
ഇമിഗ്രേഷന്‍ വിഷയത്തിലും ഇരുവരും വാക്‌പോര് നടത്തി. ഏതെങ്കിലും വിദേശ കോടതിയേക്കാള്‍ ബ്രിട്ടന്റെ അതിര്‍ത്തിക്ക് പ്രാമുഖ്യം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര കരാറുകളില്‍ നിന്നും പിന്‍വാങ്ങില്ലെന്നാണ് മുന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയായ സ്റ്റാര്‍മറുടെ നിലപാട്.
സംവാദത്തില്‍ സുനാക് മികച്ച പ്രകടനം നടത്തിയെന്ന് 51% പേരും, സ്റ്റാര്‍മര്‍ നന്നായെന്ന് 49% പേരുമാണ് യൂഗോവ് പോളില്‍ അഭിപ്രായപ്പെട്ടത്.