തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ എസ്ഐ തൂങ്ങിമരിച്ച നിലയില്‍. പൊലീസ് അക്കാദമിയില്‍ ട്രെയിനറായിരുന്ന ജിമ്മി ജോര്‍ജ് (36) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്സിലാണ് ജിമ്മി ജോര്‍ജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് സൂചന.
അതേസമയം, കേരളം പൊലീസില്‍ ആത്മഹത്യ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 4 വര്‍ഷത്തിനിടെ കേരള പൊലീസില്‍ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. 2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 70 പേര്‍ ജീവനൊടുക്കിയതായി കണക്കുകളുണ്ട്. വിഷാദ രോഗമാണ് കൂടുതല്‍ പേരുടെയും ആത്മഹത്യയുടെ കാരണം. 2022ല്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2022ല്‍ മാത്രം 22 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍. 10 ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം റൂറലില്‍ മാത്രം ആത്മഹത്യ ചെയ്തിട്ടുള്ളത്. 70 പേര്‍ ആത്മഹത്യ ചെയ്തതില്‍ 20 പേര്‍ വിഷാദ രോഗത്താലാണ് ജീവനൊടുക്കിയത്. 30 പേര്‍ ജീവനൊടുക്കിയത് കുടുംബപരമായ കാരണങ്ങളാലും.
സേനയിലെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 169 പൊലീസുകാരാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.