ബ്രിട്ടനില്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുകയാണ് . കവര്‍ച്ച ചെയ്യപ്പെട്ടാലും, പിടിച്ചുപറി നടന്നാലും യാതൊരു നടപടിയും കൂടാതെ കേസ് അവസാനിപ്പിക്കുന്നത് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പോലീസുകാരെ നല്‍കി ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രധാനമന്ത്രി റിഷി സുനാകിന്റെ പക്ഷം.
പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിലാണ് പുതുതായി 8000 പോലീസ് ഉദ്യോഗസ്ഥരെ ഇറക്കുമെന്ന് സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ തുക വിസ ഫീസ് വര്‍ദ്ധിപ്പിച്ച് കണ്ടെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ അധികാരങ്ങളുള്ള 'കൂടുതല്‍ ബോബീസ്' രംഗത്തിറങ്ങുമെന്ന് സുനാക് പറഞ്ഞു.
ലേബര്‍ പാര്‍ട്ടി ചൈല്‍ഡ്‌കെയറിലേക്ക് ശ്രദ്ധ തിരിക്കുകയും, 100,000 പുതിയ നഴ്‌സറി സീറ്റുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രചരണത്തിന്റെ മൂന്നാം ആഴ്ചയില്‍ നീതിയും,നിയമവും ഉപയോഗിക്കാന്‍ സുനാക് ശ്രമിക്കുന്നത്.
ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഡിസ്‌കൗണ്ട് പിന്‍വലിച്ചും, എല്ലാ വിസാ ഫീസിലും 25% അധിക ചാര്‍ജ്ജ് ഈടാക്കിയും കൂടുതല്‍ പോലീസുകാര്‍ക്കുള്ള പണം കണ്ടെത്തുമെന്നാണ് സുനാകിന്റെ പ്രഖ്യാപനം. ഇതുവഴി ആകെ ചെലവുള്ള 818 മില്ല്യണില്‍ 600 മില്ല്യണും ഒഴുകിയെത്തും.