ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം നടത്തുന്നതിനിടെ പ്രധാനമന്ത്രി കസേര പിടിച്ചു നിര്‍ത്താന്‍ ഓഫറുമായി റിഷി സുനാക്. വീണ്ടും 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന സുനാക്, 425,000 പൗണ്ടില്‍ താഴെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി സ്ഥിരമായി നിര്‍ത്തലാക്കി കൊടുക്കുമെന്നാണ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്.
നിരവധി വെട്ടിക്കുറവുകള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രികയിലൂടെ പൊതുതെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചുവരവ് നടത്താമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.
ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാന വ്യത്യാസം 'നികുതി' സംബന്ധിച്ചാണെന്ന് വ്യക്തമാക്കി, കണ്‍സര്‍വേറ്റീവുകള്‍ക്ക് നികുതി കുറയ്ക്കുന്നത് ദൗത്യമാണെന്ന് ചൂണ്ടിക്കാണിക്കാണിക്കാനാണ് സുനാകിന്റെ ശ്രമം. തൊഴിലുകളില്‍ ഡബിള്‍ ടാക്‌സ് വരുന്ന സ്ഥിതി ഒഴിവാക്കുമെന്നും പ്രഖ്യാപിക്കുന്നു. രാജ്യത്ത് വീട് വാങ്ങുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്നു. ഈ ഘട്ടത്തിലാണ് നടപടി ഉറപ്പ് നല്‍കിയിരിക്കുന്നത്.
നിയമപരമായ കുടിയേറ്റം നേരിടാന്‍ ഇനിയും നടപടികളുണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ മറ്റൊരു വാദം. ഇതിനായി വിസകളില്‍ ക്യാപ്പ് ഏര്‍പ്പെടുത്തും. എന്നാല്‍ ടോറി പാര്‍ട്ടിയിലെ സുവെല്ലാ ബ്രാവര്‍മാനും, റോബര്‍ട്ട് ജെന്റിക്കും ഉള്‍പ്പെടെയുള്ളവര്‍ ഇമിഗ്രേഷനും, മനുഷ്യാവകാശ നിയമങ്ങളും നിയന്ത്രിക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്.