ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് തിരിച്ച ബ്രിട്ടീഷ് എയര്‍വേസ് 9 മണിക്കൂറിനു ശേഷം തിരിച്ചിറക്കി
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്രക്കാരുമായി പറന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനില്‍ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ കനേഡിയന്‍ അതിര്‍ത്തിയും കടന്ന ശേഷമാണ് തിരിച്ചു പറന്നത്.
ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 അനുസരിച്ച് അറ്റ്‌ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താന്‍ സാധാരണ ഗതിയില്‍ 30-40 മിനിറ്റ് കൂടി സമയമാണ് ബാക്കിയുള്ളത്. വിമാനം ഉടനടി നിലത്തിറക്കാന്‍ വേണ്ടത്ര ഗൗരവമുള്ളതായിരുന്നില്ല പ്രശ്‌നം, പക്ഷേ അടിയന്തിരമായ പരിശോധനയും എഞ്ചിനീയറിംഗ് ജോലികളും ആവശ്യമായ ഘട്ടത്തിലാണ് വിമാനം ഹീത്രൂവിലേക്ക് മടങ്ങിയത്. വിമാനം തിരിച്ചെത്തിയപ്പോഴേക്കും പ്രശ്‌നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധരും സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
ചെറിയ സാങ്കേതിക തകരാര്‍ കാരണം മുന്‍കരുതലെന്ന നിലയിലാണ് വിമാനം ലണ്ടന്‍ ഹീത്രൂവിലേക്ക് തിരിച്ചതെന്ന് ബിഎ പ്രസ്താവനയില്‍ പറഞ്ഞു. അത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാര്‍ സാധാരണ നിലയില്‍ ഇറങ്ങുകയും ചെയ്തു. യാത്ര തടസ്സപ്പെട്ടതില്‍ ക്ഷമാപണം നടത്തിയെന്നും എല്ലാ യാത്രക്കാരെയും ഹൂസ്റ്റണിലേക്ക് മറ്റു വിമാനങ്ങളിലായി റീബുക്ക് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു. കണക്ടിംഗ് ഫ്‌ളൈറ്റ് മിസ്സായവരുടെയടക്കം യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് അധികൃതര്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മാത്രമല്ല, താമസ സൗകര്യങ്ങള്‍ക്കും ഭക്ഷണത്തിനുമായി ചെലവാകുന്ന അധിക തുക എങ്ങനെ ക്ലെയിം ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കി.
മുമ്പ് നവംബറിലും ഇതുപോലൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഓക്ക്ലന്‍ഡില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള NZ26 എന്ന 15 മണിക്കൂര്‍ ഷെഡ്യൂള്‍ ചെയ്ത വിമാനം നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.