ലണ്ടന്‍: ജൂലൈ 4 തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഏവരും സാധ്യത കല്പിക്കുമ്പോള്‍ അവസാന അടവുകള്‍ പയറ്റിടോറികള്‍. തങ്ങള്‍ അധികാരം നിലനിര്‍ത്തിയാല്‍ സുപ്രധാന നികുതി വെട്ടിക്കുറയ്ക്കലുകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുന്ന ബജറ്റില്‍ അഞ്ച് പ്രധാന നികുതി കുറവുകള്‍ വരുത്തുമെന്ന് ഹണ്ട് വ്യക്തമാക്കി.
അതേസമയം ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എംപ്ലോയ്ഡ്, സെല്‍ഫ്-എംപ്ലോയ്ഡ് വിഭാഗങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് ഇന്‍കം ടാക്സ് ഇല്ലാതാക്കുകയും, സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ത്തിയത് ദീര്‍ഘിപ്പിക്കുമെന്നും ഹണ്ട് അവകാശപ്പെടുന്നു.
കൂടാതെ നിലവിലുള്ള വാടകക്കാര്‍ക്ക് പ്രോപ്പര്‍ട്ടി വില്‍ക്കുന്ന ലാന്‍ഡ്ലോര്‍ഡ്സിന് രണ്ട് വര്‍ഷത്തെ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ആശ്വാസവും നല്‍കും. അടുത്ത ഏപ്രില്‍ മുതല്‍ തന്നെ ഈ നികുതി വെട്ടിക്കുറയ്ക്കലുകള്‍ പ്രാബല്യത്തില്‍ വരുത്താനും നടപടിയുണ്ടാകും. നാഷണല്‍ ഇന്‍ഷുറന്‍സ് ഏഴ് ശതമാനത്തിലേക്ക് കുറയ്ക്കുന്നത് വഴി ശരാശരി ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 225 പൗണ്ട് ലാഭിക്കാമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറയുന്നു.
സെല്‍ഫ് എംപ്ലോയ്ഡുകാര്‍ക്ക് ഇത് 155 പൗണ്ടിന്റെ വാര്‍ഷിക ലാഭവും സമ്മാനിക്കും. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്സാകട്ടെ കൗണ്‍സില്‍ ടാക്സും, ഇന്‍ഹെറിറ്റന്‍സ് ടാക്സും ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹണ്ടിന്റെ വെല്ലുവിളി. ലേബര്‍ നികുതി കൂട്ടുകയാണ് ചെയ്യുക എന്ന വ്യാപക പ്രചാരണവും ടോറികള്‍ നടത്തുന്നുണ്ട്.