യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളി'ന് ഞായറാഴ്ച ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റും
മാഞ്ചസ്റ്റര്‍: 'യുകെയുടെ മലയാറ്റൂര്‍' എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ വീണ്ടും ദുക്‌റാന തിരുന്നാള്‍ ആഘോഷ ലഹരിയിലേക്ക്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറിയാല്‍ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ഉത്സവപ്രതീതിയിലാണ്.
ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. റാസ കുര്‍ബാനയും പ്രദക്ഷിണവും ഒക്കെയായി തിരുന്നാള്‍ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുന്നാള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
നാളെ വൈകുന്നേരം മൂന്നുമണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ടയും ലദീഞ്ഞും നടക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ജോസ് അന്ത്യാകുളം എംസിബിഎസ് കാര്‍മ്മികനാകും, തുടര്‍ന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും ഉല്‍പ്പന്ന ലേലവും നടക്കും.
തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും. ഒന്നാം തിയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റര്‍ ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാര്‍മ്മികനാകുമ്പോള്‍ രണ്ടാം തിയതി മാഞ്ചസ്റ്റര്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോണ്‍ പുളിന്താനം മുഖ്യ കാര്‍മ്മികനാകും.
മൂന്നാം തിയതി ബുധനാഴ്ച ലിതെര്‍ലാന്‍ഡ് വികാരി ഫാ.ജെയിംസ് കോഴിമല മുഖ്യകാര്‍മ്മികനാകുമ്പോള്‍ നാലാം തിയതി വ്യാഴാഴ്ച സെന്റ് ആന്റണീസ് വികാരി ഫാ.ഓവന്‍ ഗല്ലഗറും,അഞ്ചാം തിയതി വെള്ളിയാഴ്ച ആഷ്ഫോര്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കലും മുഖ്യകാര്‍മ്മികനാകും
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സിറോമലബാര്‍ സഭയുടെ ഏറ്റവും അത്യാഘോഷപൂര്‍വ്വമായ കുര്‍ബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റണ്‍ കത്തീഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും.തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നും നടക്കും.
ജൂലൈ ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കോടിയിറക്കുന്നതോടെയാവും തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുക.
യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു. മുത്തുക്കുടകളും പൊന്നിന്‍ കുരിശുകളുമെല്ലാം നാട്ടില്‍ നിന്നും എത്തിച്ചു തുടങ്ങിയ തിരുന്നാള്‍ ആഘോഷങ്ങള്‍ ഇപ്പോള്‍ 19 ആം വര്‍ഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥരായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ കാലാകാലങ്ങളായി നടന്നുവരുന്നത്.
തിരുന്നാള്‍ ദിനം വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയവും പരിസരങ്ങളും കൊടിതോരങ്ങളാല്‍ അലങ്കരിച്ചു മോടിപിടിപ്പിക്കും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ അന്നേ ദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേരും.
തിരുനാളിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ ഫ്രങ്കോയും, ഐഡിയ സ്റ്റാര്‍സിംഗറും മികച്ച ഗായികയുമായ സോണിയയും നയിച്ച ഗാനമേള കഴിഞ്ഞ ദിവസം ഫോറം സെന്ററില്‍ പ്രൗഢഗംഭീരമായി നടന്നിരുന്നു.
മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിള്‍ ഈപ്പന്‍, റോസ്ബിന്‍ സെബാസ്റ്റ്യന്‍, ജോബിന്‍ ജോസഫ് എന്നിവരുടെയും പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അവധി മുന്‍കൂട്ടി ബുക്ക് ചെയ്തു തിരുന്നാള്‍ ആഘോഷങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ഏവരെയും മിഷന്‍ ഡയറക്ട്ടര്‍ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.