ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി, കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫിന്റെ നാടും വീടും ഉത്സവത്തിമിര്‍പ്പില്‍.
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഓണാം തുര്‍ത്ത് ചാമക്കാല വീട്ടില്‍ ആഘോഷം കൊണ്ടാടി. മന്ത്രി റോഷി അഗസ്റ്റിനും ചാമക്കാല വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി മധുരം പങ്കുവച്ചാണ് മന്ത്രി മടങ്ങിയത്.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും സോജന്‍ ജോസഫിന്റെ പിതാവിനെ നേരിട്ട് ആശംസകള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഉഴവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എ.യു. സ്റ്റീഫന്റെ (എസ്തഫാന്‍) ഭാര്യാ സഹോദരനാണ് സോജന്‍ ജോസഫ്. നാട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു മക്കളെല്ലാം തന്നെ തങ്ങളുടെ ഇളയ അനിയന്റെ വിജയം ആഘോഷിക്കാന്‍ കുടുംബ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരപലഹാരങ്ങളും പാനീയങ്ങളുമായി സോജന്റെ സഹോദരിമാരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും സോജന്റെ പിതാവിനെ വിളിച്ച് സന്തോഷം പങ്കുവച്ചു.
ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളായ സോജന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തന്റെ അമ്മയുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നാട്ടില്‍ എത്തിയത്. ആഷ്‌ഫെഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എന്‍ എച്ഛ് എസ്സ് മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവി കൂടിയായ സോജന്‍ ജോസഫ് വിജയിച്ചത്. ആഷ്‌ഫെഡ് ബറോ കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്റെ, നാട്ടിലേക്കുള്ള അടുത്ത വരവ് ഒരു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും വീട്ടുകാരും.
തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.
1779 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോജന്‍ നേടിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നായിരുന്നു സോജന്റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സോജന്‍ നടത്തിയത്. സോജന്റെ ഈ വിജയവാര്‍ത്ത കേട്ട ആഷ്‌ഫോര്‍ഡ് മലയാളികള്‍ വമ്പന്‍ ആഘോഷത്തിലുമാണ്.
നിലവില്‍ എയില്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ 'കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ' മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്. 22 വര്‍ഷമായി എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കുന്ന സോജന്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഹെഡാണ്. യുകെയില്‍ എത്തിയകാലം മുതല്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യം കാണിച്ച സോജന്‍ 2010-15 കാലഘട്ടത്തില്‍ നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്നിലും മുന്നിലുണ്ടായിരുന്നു. നഴ്സിങ് വിദ്യാര്‍ഥികളുടെ ബര്‍സറി (ഗ്രാന്‍ഡ്) പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജന്‍ നിര്‍ണായക നേതൃത്വമാണ് നല്‍കിയത്. മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ സോജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആവേശത്തിലാണ് ആഷ്ഫോര്‍ഡിലെയും കെന്റിലെ മറ്റു ചെറുപട്ടണങ്ങളിലെയുമെല്ലാം മലയാളികള്‍. ബെംഗളുരൂവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.
ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.