തുടര്‍ച്ചയായി തന്നെ നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങള്‍ക്ക് ഒക്കെ അറിയാം. എന്നാല്‍ എല്ലാ അതിരുകളും കടന്ന് വരുമ്പോള്‍ അതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഇങ്ങനെ വലിച്ചിഴയ്ക്കുന്ന പ്രശ്നങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാലും നുണപ്രചാരണം നടത്തിയവര്‍ തിരുത്താനും തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിങ്ങനെ തുടര്‍ന്ന്കൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായമാണ്. എല്ലാ അതിരുകളും കടന്ന് വരുമ്പോള്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍, അടിസ്ഥാന രഹിതവും അസംബന്ധവുമായ കാര്യങ്ങളില്‍ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന നിലപാട് തുടരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഈ അടുത്തിടെയായി വരുന്ന പ്രശ്നങ്ങളില്‍ ഒരാവശ്യവുമില്ലതെ എന്നെ വ്യക്തിപരമായി വലിച്ചിഴയ്ക്കുകയാണ്. പിന്നീട് ആ കാര്യങ്ങള്‍ ഒരിടത്തും എത്താതെ പോകുന്ന സ്ഥിതിയാണ്. എന്നെ വലിച്ചിഴച്ചതില്‍ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമാകുന്നു.- മന്ത്രി പറഞ്ഞു.
ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാലും പ്രചരിപ്പിച്ച ആളുകള്‍ അത് തിരുത്താന്‍ തയാറാകുന്നില്ല. മുഖ്യമന്ത്രി തന്നെ പിഎസ്‌സി കോഴ വിവാദത്തില്‍ മറുപടി പറഞ്ഞതാണ്. അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നാല്‍ അതിനെതിരെ കര്‍ക്കശമായ, മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിക്കുന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
പിഎസ്സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തിന് പിന്നാലെ ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നാരോപിച്ച് കോഴിക്കോട് ഡിസിസി രംഗത്തെത്തിയിരുന്നു.