മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ മൊഴി നല്‍കി നിര്‍മ്മാതാക്കളിലൊരാളായ നടന്‍ സൗബിന്‍ ഷാഹിര്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും സൗബിന്‍ ഇഡിക്ക് മൊഴി നല്‍കി.
ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിര്‍മ്മാണത്തിനായി തന്റെ പക്കല്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിര്‍മ്മാതാവാണ് പരാതി നല്‍കിയത്.
ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.
എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്നും നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ 40% ലാഭ വിഹിതം കൊടുക്കാമെന്നു പറഞ്ഞതിനെപ്പറ്റി തൃപ്‌തികരമായ മറുപടിയില്ല.