റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ദേശീയ ബഹുമതി നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യയ്ക്കാകെയുള്ള അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്‌തലന്‍ ആണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് മോദിയുടെ 'അസാധാരണമായ' സംഭാവനകളെ ചടങ്ങ് അംഗീകരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. പുടിനുമായി ക്രെംലിനില്‍ ഉല്‍പാദനപരമായ ചര്‍ച്ചകള്‍ നടന്നതായും മോദി പറഞ്ഞു. വ്യാപാരം, സുരക്ഷ, കൃഷി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം വൈവിധ്യവത്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഗതാഗത ലഭ്യതയ്ക്കും സാംസ്കാരിക വിനിമയത്തിനും വലിയ പ്രാധാന്യം നല്‍കുന്നതായും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.