ഇന്ത്യന്‍ വംശജയായ യുകെ എംപി ശിവാനി രാജ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത്ഗീതയില്‍ തൊട്ടായിരുന്നു ലെസ്റ്റര്‍ ഈസ്റ്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപിയായ ശിവാനി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്നും വരുന്ന ബിസിനസ്സുകാരിയാണ് ശിവാനി രാജ.
37 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ആധിപത്യം തകര്‍ത്താണ് ശിവാനി ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയിച്ചത്. 2022ലെ ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റര്‍. എതിരാളിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് അഗര്‍വാളിന് 10,100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്.
'ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്ന് പാര്‍ലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാള്‍സിനോടും രാജ്യത്തിനോടും കൂറ് പുലര്‍ത്തുമെന്ന് ഈയവസരത്തില്‍ ഞാന്‍ ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയാണ്', എംപിയായി സത്യപ്രതിജ്ഞ ശേഷം ശിവാനി എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്;
നാനൂറിലധികം സീറ്റുകള്‍ നേടിയാണ് കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നത്.