ലിവര്‍പൂളിലെ ഒരു പ്രൈമറി സ്കൂളില്‍ രണ്ട് കുട്ടികള്‍ മരണമടഞ്ഞത് ആശങ്ക ഉണര്‍ത്തുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആണ് കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. കുട്ടികള്‍ ഇരുവരും ലിവര്‍പൂളിലെ എവര്‍ട്ടണിലുള്ള മില്‍സ്റ്റെഡ് പ്രൈമറി സ്കൂളില്‍ ആണ് പഠിച്ചിരുന്നത്. പഠനവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്കൂള്‍ ആണ് മില്‍സ്റ്റെഡ് പ്രൈമറി സ്കൂള്‍.
മില്‍സ്റ്റെഡ് പ്രൈമറി സ്കൂളില്‍ നിലവില്‍ ജിയാര്‍ഡിയ അണുബാധയുടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും രണ്ടു കുട്ടികളുടെ മരണത്തിനു കാരണം ജിയാര്‍ഡിയ ആണെന്ന് പറയാന്‍ പറ്റില്ലെന്നാണ് യുകെഎസ്എച്ച്എ അറിയിച്ചത്. സാധാരണ ഗ്യാസ്ട്രിക് രോഗം മൂലം മരണം സംഭവിക്കുക ഇല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. രണ്ട് കുട്ടികളുടെ മരണവാര്‍ത്ത കടുത്ത ആശങ്കയാണ് അധ്യാപകരിലും മാതാപിതാക്കളിലും ഉളവാക്കിയത്.
മില്‍സ്റ്റെഡ് പ്രൈമറി സ്‌കൂളുമായി ബന്ധപ്പെട്ട നിരവധി ജിയാര്‍ഡിയ കേസുകള്‍ക്ക് ശേഷം യുകെഎച്ച്എസ്എ ലിവര്‍പൂള്‍ സിറ്റി കൗണ്‍സിലിനോടും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ ചെഷയര്‍, മെഴ്‌സിസൈഡ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് എമ്മ സാവേജ് പറഞ്ഞു, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.